ന്യൂഡെൽഹി: പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാ എംപി സ്‌ഥാനം രാജിവച്ചു. മുസ്‌ലിം ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീർ എംപി, പിവി അബ്‌ദുൾ വഹാബ് എംപി, നവാസ്‌കനി എംപി (തമിഴ്‌നാട്), എന്നിവർക്കൊപ്പം ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയുടെ ചേംബറിലെത്തിയാണ് രാജിക്കത്ത് കൈമാറിയത്.
വരാനിരിക്കുന്ന കേരള നിയമസഭ തിരഞ്ഞടുപ്പിൽ മൽസരിക്കണമെന്ന മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെയും സംസ്‌ഥാന കമ്മറ്റിയുടെയും തീരുമാനം കണക്കിലെടുത്താണ് കുഞ്ഞാലിക്കുട്ടി രാജിവച്ചത്.
മുസ്‌ലിം ലീഗ് രാഷ്‌ട്രീയകാര്യ സമിതി ചെയർമാൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് രാജിവെക്കാൻ നിർദ്ദേശം നൽകിയതെന്ന് മുസ്‌ലിം ലീഗ് നേതൃത്വം വാർത്താകുറിപ്പിലൂടെ അറിയിച്ചു. ജനുവരിയിൽ രാജി വെക്കാനായിരുന്നു ആദ്യ തീരുമാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പും നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് രാജി വൈകിയത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗിനെ നയിക്കുക കുഞ്ഞാലിക്കുട്ടി തന്നെയായിരിക്കും. ഉപതിരഞ്ഞെടുപ്പിൽ മലപ്പുറത്തേക്ക് യുവ നേതാക്കളെ പരിഗണിക്കാനാണ് തീരുമാനമെന്ന് ലീഗ് നേതൃത്വം അറിയിച്ചിരുന്നു. എന്നാൽ അത് എത്ര കണ്ട് സാധ്യമാണെന്ന് വ്യക്‌തമല്ല. കുഞ്ഞാലികുട്ടിയുടെ തിരിച്ചുവരവ് ഏറെ ചർച്ചയായപ്പോൾ ലീഗിലെ ഒരു വിഭാഗം ഇതിനോട് പ്രതികൂല നിലപാട് സ്വീകരിച്ചിരുന്നു.
Read Also: ശിവശങ്കര്‍ നിരപരാധിയെന്ന് വിശ്വസിക്കുന്നു; ഡോ. വി വേണു ഐഎഎസ്