പാലക്കാട്: പാലക്കാട് പ്ളസ് ടു വിദ്യാർഥിക്ക് നേരെ പോലീസിന്റെ ക്രൂരത. പാലക്കാട് നെൻമാറയിൽ 17-കാരനെ പോലീസ് ഉദ്യോഗസ്‌ഥർ മർദ്ദിച്ചതായാണ് പരാതി. പോലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്‌ഥർ കുട്ടിയെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥി നെൻമാറ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. വാഹനത്തിന്റെ അരികിലേക്ക് വിളിച്ചു വരുത്തിയ ഉടൻ മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർഥി പറഞ്ഞു.
തലയിലും കഴുത്തിലും പോലീസ് ഉദ്യോഗസ്‌ഥൻ മാരകമായി മർദ്ദിച്ചെന്നും വിദ്യാർഥി വ്യക്‌തമാക്കി. പോലീസ് ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. മകനെ മർദ്ദിച്ചതിന്റെ കാരണം വ്യക്‌തമല്ലെന്നും സാധനം വാങ്ങാൻ കടയിൽ പോയതാണെന്നും മർദ്ദനമേറ്റ കുട്ടിയുടെ പിതാവ് പ്രതികരിച്ചു. തല ജീപ്പിൽ ഇടിപ്പിച്ചെന്നും മുഖം വീങ്ങിയിരിക്കുകയാണെന്നും പിതാവ് പറഞ്ഞു. എന്നാൽ, അറിയാതെ സംഭവിച്ചതാണെന്ന് പോലീസ് പറഞ്ഞു. പോലീസ് മറ്റാരെയോ തേടി വന്നതാണെന്നും പിതാവ് വ്യക്‌തമാക്കി.
പാലക്കാട് ഒരാഴ്‌ചക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ പട്ടാമ്പിയിൽ വിദ്യാർഥിയെ ആള്അമൃ മർദ്ദിച്ച സംഭവത്തിൽ പോലീസ് ഓഫീസറെ സസ്‌പെൻഡ് ചെയ്‌തിരുന്നു. വ്യാഴാഴ്‌ച രാവിലെയാണ് സസ്‌പെൻഷന് ആധാരമായ സംഭവം നടന്നത്. ഓങ്ങല്ലൂർ പാറപ്പുറം സ്വദേശി മുസ്‌തഫയുടെ മകൻ ത്വാഹ എന്ന 16 വയസുകാരനെയാണ് മർദ്ദിച്ചത്.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി