ശ്രീലങ്കയില്‍ പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിർത്ത് പോലീസ്; ഒരാള്‍ കൊല്ലപ്പെട്ടു

By News Bureau, Malabar News
sri lanka-fire
Representational Image (Image: AP)

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ വെടിയുതിര്‍ത്ത് പോലീസ്. വെടിവെപ്പിൽ ഒരാള്‍ കൊല്ലപ്പെട്ടതായും 12 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്.

ലങ്കയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശമായ രമ്പുക്കാനയിലാണ് വെടിവെപ്പുണ്ടായത്. പ്രസിഡണ്ട് ഗോതബായ രജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് ആഴ്‌ചകളായി ഇവിടെ പ്രതിഷേധം നടക്കുകയാണ്. എന്നാല്‍ പ്രക്ഷോഭകര്‍ക്ക്‌ നേരെ പോലീസ് വെടിവെപ്പ് നടത്തുന്നത് ആദ്യമാണ്.

പ്രതിഷേധത്തിനിടെ റെയില്‍ പാതയില്‍ തടസം സൃഷ്‌ടിച്ചതോടെ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടു. എന്നാൽ പ്രതിഷേധക്കാർ കല്ലെറിഞ്ഞതോടെയാണ് വെടിവച്ചതെന്നാണ് പോലീസിന്റെ അവകാശവാദം. ഇന്ധന ടാങ്കിന് തീയിടാനും വാഹനങ്ങള്‍ കത്തിക്കാനും പ്രക്ഷോഭകര്‍ ശ്രമിച്ചെന്ന് പോലീസ് വക്‌താവ് പറഞ്ഞു.

നിലവിൽ കൊളംബോയില്‍ പ്രസിഡണ്ടിന്റെ വസതിക്കു സമീപം ടെന്റ് കെട്ടി പ്രതിപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടരുകയാണ്. ലങ്കയില്‍ കഴിഞ്ഞ ദിവസവും സിലോണ്‍ പെട്രോളിയം കോര്‍പറേഷന്‍ ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു.

അതേസമയം, ശ്രീലങ്കയില്‍ പ്രസിഡണ്ടിന്റെ അധികാരം നിയന്ത്രിക്കുന്ന ഭരണഘടനയുടെ 19ആം ഭേദഗതി പുനഃസ്‌ഥാപിക്കാനുള്ള നിര്‍ദ്ദേശം പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ മുന്നോട്ടുവെച്ചു. പുതിയ 17 അംഗ മന്ത്രിസഭ അധികാരമേറ്റ ശേഷം ചൊവ്വാഴ്‌ച പാര്‍ലമെന്റ് ചേര്‍ന്നിരുന്നു. രാജ്യത്ത് നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഭരണഘടനാ മാറ്റം വേണമെന്ന് മഹിന്ദ പറഞ്ഞു.

ഇതിനിടെ ശ്രീലങ്കയ്‌ക്ക് ഐഎംഎഫിൽ നിന്ന് അടിയന്തിര വായ്‌പാ സഹായം ലഭിക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന് ഇന്ത്യ അറിയിച്ചു. ഐഎംഎഫ് ആസ്‌ഥാനത്ത് ലങ്കൻ ധനകാര്യ മന്ത്രി അലി സാബ്രിയുമായി ധനമന്ത്രി നിർമല സീതാരാമൻ ചർച്ച നടത്തി. നിബന്ധനകൾ കുറഞ്ഞ വായ്‌പ അതിവേഗം കിട്ടാൻ ഇന്ത്യയുടെ പിന്തുണ വേണമെന്ന് ലങ്കൻ ധനമന്ത്രി അഭ്യർഥിച്ചു. അതിനിടെ ലങ്കയിൽ പ്രതിഷേധക്കാർക്ക് നേരെ നടന്ന വെടിവെപ്പിൽ അമേരിക്കയും ഐക്യരാഷ്‌ട്രസഭയും ആശങ്ക രേഖപ്പെടുത്തി.

Most Read: ഡെൽഹിയിൽ കോവിഡ് ഉയരുന്നു; മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ, കനത്ത ജാഗ്രത 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE