പൊന്നാനി: മലപ്പുറത്തെ കോണ്‍ഗ്രസ് മാര്‍ച്ചില്‍ കോൺഗ്രസ് പ്രവർത്തകനെ അകാരണമായി പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസുകാരന് എതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. കെപിസിസി അംഗം അഡ്വ. കെ ശിവരാമന് നല്കിയ പരാതിയിലാണ് കമ്മീഷന് കേസെടുത്തത്. മലപ്പുറം പോലീസ് സ്റ്റേഷനിലെ സിപിഒ ഹരിലാലിന് എതിരെയാണ് പരാതി. കോണ്‍ഗ്രസ് മാര്‍ച്ച് നടക്കുമ്പോള്‍ കുന്നുമ്മല്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപം നില്‍ക്കുകയായിരുന്ന അഡ്വ. ശിവരാമനെ പോലീസ് ഉദ്യോഗസ്ഥന് അകാരണമായി മര്‍ദ്ദിച്ചു എന്നാണ് പരാതി.
‘ കൈക്ക് വയ്യ, പൊട്ടിയതാണ് എന്ന് പറഞ്ഞിട്ടും അതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കാതെ പോലീസ് അകാരണമായി മര്‍ദ്ദിക്കുകയായിരുന്നു ‘ ശിവരാമന് പറഞ്ഞു. കഴിഞ്ഞ മാസം 31-ന് പിഎസ്സി ചെയർമാന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ ശിവരാമന് കൈവിരലിനു പൊട്ടലേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് കൈയില്‍ പ്ലാസ്റ്റര്‍ ഇട്ട നിലയിലായിരുന്നു. എന്നാല്‍ ഇത് കണ്ടിട്ടും അവശതകള്‍ പരിഗണിക്കാതെ പോലീസ് മര്‍ദ്ദനം തുടരുകയായിരുന്നു. ലാത്തിചാര്‍ജ്ജില്‍ പരിക്കേറ്റ ശിവരാമനെ കോട്ടപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചുകള്‍ക്ക് നേരെ പോലീസ് അക്രമം അഴിച്ചു വിടുകയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. പരാതി സ്വീകരിച്ച കമ്മീഷന് കേസെടുത്തു.