നെയ്യാറ്റിൻകര: കുളത്തിൽ കുളിച്ച ശേഷം മസ്‌തിഷ്‌ക ജ്വരം ബാധിച്ചു യുവാവ് മരിച്ചതിന് പിന്നാലെ ഇതേ കുളത്തിൽ ഇറങ്ങിയവരിൽ നാല് പേർക്ക് കൂടി കടുത്ത പനി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഇവരിൽ ഒരാൾക്ക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
പ്ളാവറത്തലയിൽ അനീഷ്(26), പൂതംകോട് സ്വദേശി അച്ചു (25), പൂതംകോടിന് സമീപം ഹരീഷ് (27), ബോധിനഗർ ധനുഷ് (26) എന്നിവരാണ് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ഉള്ളത്. ഇവരിൽ അനീഷിനാണ് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചത്. മറ്റുള്ളവർക്കും സമാന ലക്ഷണങ്ങളാണ് ഉള്ളത്. ആരോഗ്യവകുപ്പ് കുളത്തിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു പരിശോധനക്ക് അയച്ചിട്ടുണ്ട്.
കണ്ണറവിള പൂടംകോട് അനുലാൽ ഭവനിൽ അഖിൽ (അപ്പു-27) കഴിഞ്ഞ 23നാണ് മരിച്ചത്. മരിക്കുന്നതിന് പത്ത് ദിവസം മുമ്പാണ് അഖിലിന് പനി ബാധിച്ചത്. തുടക്കത്തിൽ വീടിന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ നടത്തി. കടുത്ത തലവേദനയും ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തലച്ചോറിലെ അണുബാധയെ തുടർന്ന് മരിച്ചെന്നാണ് ഡോക്‌ടർമാർ അറിയിച്ചത്.
പിന്നാലെയാണ് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചത്. അതിയന്നൂർ പഞ്ചായത്തിലെ കണ്ണറവിളക്ക് സമീപത്തെ കാവിൻകുളത്താണ് അഖിലും മറ്റുള്ളവരും കുളിച്ചത്. ആരോഗ്യവകുപ്പ് നിർദ്ദേശത്തെ തുടർന്ന് കുളത്തിൽ ഇറങ്ങുന്നത് കർശനമായി വിലക്കി. ഇത് സംബന്ധിച്ച് സൂചനാ ബോർഡും സ്‌ഥാപിച്ചു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി