കൊച്ചി: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസിൽ കൂടുതൽ വിശദാംശങ്ങൾ അറിയിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ജപ്‌തി നടപടികളിലൂടെ പിടിച്ചെടുത്ത വസ്‌തുവകകളുടെ വിശദാംശങ്ങൾ, നടപടി നേരിട്ടവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ അറിയിക്കണമെന്നാണ് ഹൈക്കോടതി പോലീസിന് നൽകിയ നിർദ്ദേശം.
ജസ്‌റ്റിസുമാരായ ജയശങ്കർ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസിൽ സംഘടനയിലെ ഭാരവാഹികളുടെ സ്വത്തുവകകൾ കണ്ടുകെട്ടിയത് സംബന്ധിച്ച റിപ്പോർട്ട് സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.
റിപ്പോർട് ഇന്ന് കോടതി പരിഗണിക്കവെയാണ് കൂടുതൽ നിർദ്ദേശങ്ങൾ പോലീസിന് നൽകിയത്. ജപ്‌തി ചെയ്‌ത വ്യക്‌തികളുടെ വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉണ്ടെങ്കിലും, അവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം കൂടി വ്യക്‌തമാക്കണമെന്ന് കോടതി നിർദ്ദേശം. ഇതുകൂടി അടങ്ങിയ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണം. കേസ് ഇനി ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും.
2022 സെപ്റ്റംബർ 23 വെള്ളിയാഴ്‌ച നടത്തിയ മിന്നൽ ഹർത്താലിന്റെ മറവിൽ സംസ്‌ഥാന വ്യാപകമായി വലിയ സംഘർഷമാണ് അഴിച്ചുവിട്ടത്. സംഘർഷത്തെ തുടർന്ന് ഉണ്ടായ നഷ്‌ടപരിഹാര തുകയായ 5.20 കോടി രൂപ കെട്ടിവെയ്‌ക്കണമെന്ന ഉത്തരവ് പാലിക്കാത്തതിനാണ് ജപ്‌തി നടപടികൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്. ഇതിന് പിന്നാലെയാണ് ലാൻഡ് റവന്യൂ കമ്മീഷണർ ഉത്തരവ് പുറത്തിറക്കിയത്.
ഇതിന് പിന്നാലെ, രണ്ടു ദിവസത്തെ ജപ്‌തി നടപടികളാണ് സംസ്‌ഥാനത്തെ മുഴുവൻ ജില്ലകളിലും നടന്നത്. തുടർന്ന്, 248 പേരുടെ സ്വത്തുവകകൾ കണ്ടുകെട്ടുകയും, റിപ്പോർട്ട് ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു. ജില്ലകൾ തിരിച്ചാണ് ജപ്‌തി നടപടികളുടെ വിശദാംശങ്ങൾ കോടതിക്ക് കൈമാറിയത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ ജപ്‌തി നടപടി ഉണ്ടായത്. 126 പേരുടെ സ്വത്തുക്കളാണ് മലപ്പുറത്ത് കണ്ടുകെട്ടിയത്.
അതേസമയം, തന്റെ വസ്‌തുവകകൾ അന്യായമായി ജപ്‌തി ചെയ്‌തെന്ന് കാട്ടി കേസിൽ കക്ഷി ചേരാൻ മലപ്പുറം സ്വദേശി ടിപി യൂസഫ് കോടതിയിൽ അപേക്ഷ നൽകി. താൻ പോപ്പുലർ ഫ്രണ്ട് ആശയങ്ങളെ എതിർക്കുന്ന ആളാണെന്നും യൂസഫ് പറയുന്നു. കേരള ചേംബർ ഓഫ് കൊമേഴ്‌സ്, തൃശൂരിലെ മലയാള വേദി തുടങ്ങിയ സംഘടനകളും ഹരജിയിൽ കക്ഷി ചേർന്നിരുന്നു.
Most Read: വിഴിഞ്ഞം തുറമുഖം 60 ശതമാനം പൂർത്തിയായി; മന്ത്രി അഹമ്മദ് ദേവർകോവിൽ