ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ നാലംഗ സംഘത്തെ പശ്‌ചിമ ബംഗാളിലേക്ക് അയച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മമതാ സർക്കാരിന് കടുത്ത മുന്നറിയിപ്പ് നൽകിക്കൊണ്ട് കത്തയച്ചതിന് പിന്നാലെയാണ് അന്വേഷണത്തിനായി നാലംഗ സംഘത്തെ ബംഗാളിലേക്ക് അയച്ചിരിക്കുന്നത്.
ആഭ്യന്തര മന്ത്രാലയം അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കൊൽക്കത്തയിലെത്തി. അക്രമ സംഭവങ്ങൾ തടയണമെന്നും സംഭവത്തിൽ വിശദമായ റിപ്പോർട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രം കഴിഞ്ഞ ദിവസം ബംഗാൾ സർക്കാരിന് കത്തയച്ചിരുന്നു. തുടർച്ചയായ മൂന്നാം തവണയും മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തതിന് പിന്നാലെയായിരുന്നു കേന്ദ്രത്തിന്റെ നീക്കം.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ബംഗാളിന്റെ വിവിധ മേഖലകളിലായി തൃണമൂൽ-ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. 14 ബിജെപി പ്രവർത്തകർ തൃണമൂൽ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ പറഞ്ഞു.
അക്രമസംഭവങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രാലയം ആദ്യം അയച്ച കത്തിന് ബംഗാൾ സർക്കാർ മറുപടി നൽകിയിരുന്നില്ല. ഇതിനെ തുടർന്ന് രണ്ടാമതും കേന്ദ്രം ബംഗാളിന് കത്തയച്ചിരുന്നു. അതിക്രമങ്ങളെ കുറിച്ച് റിപ്പോർട് ആവശ്യപ്പെട്ടിട്ടും ഇതുവരെ സമർപ്പിച്ചിട്ടില്ലെന്ന് നിങ്ങളെ ഓർമ്മപ്പെടുത്തുന്നു. പ്രതികരണമില്ലാത്തത് ഗൗരവമായി കാണുമെന്നും കേന്ദ്രം രണ്ടാമത് അയച്ച കത്തിൽ പറയുന്നുണ്ട്.
Read also: അതിരുവിടരുത്; വേറെ വഴിയില്ലെന്ന് തോമസ് ഐസക്ക്; ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ഇന്നറിയാം