തിരുവനന്തപുരം: കോവിഡ് പ്രാദേശിക നിയന്ത്രണങ്ങൾ ഫലപ്രദമല്ലെന്ന് തെളിഞ്ഞെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക്. അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിന് സാവകാശം ലഭിക്കും, അതിരുവിടരുതെന്നും മന്ത്രി നിർദ്ദേശിച്ചു. കേരളം കോവിഡ് മഹാമാരിയിൽ പുലർത്തിയിരുന്ന മികവ് നഷ്‌ടപ്പെടാതിരിക്കാൻ വേണ്ടിയാണ് പൂർണ ലോക്ക്‌ഡൗണെന്നും മന്ത്രി പറഞ്ഞു. മറ്റ് മാർഗങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്‌ച മുതൽ മെയ് 16 വരെയാണ് സമ്പൂർണ ലോക്ക്‌ഡൗൺ. കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നു പ്രവർത്തിക്കും. ആശുപത്രി സേവനങ്ങൾക്കും തടസമുണ്ടാകില്ല. പാചക വാതക വിതരണവും ചരക്കുനീക്കവും സുഗമമായി നടക്കും. അതേസമയം, സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ പിടിച്ചെടുക്കും.
ട്രെയിൻ സർവീസ് നിർത്തണോയെന്ന് വൈകിട്ട് തീരുമാനിക്കും. സംസ്‌ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം തീരുമാനമെടുക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. അവശ്യ വസ്‌തുക്കൾ വിൽക്കുന്ന കടകളുടെ പ്രവർത്തന സമയം പരിമിതപ്പെടുത്തും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേരുകയാണ്. നിയന്ത്രണങ്ങൾ വ്യക്‌തമാക്കി ഇന്ന് ഉത്തരവിറങ്ങും.
Also Read: പ്രോട്ടോക്കോൾ ലംഘിച്ച് സിഎസ്‌ഐ വൈദികരുടെ ധ്യാനം; പോലീസ് കേസെടുത്തു