കീവ്: യുക്രൈന്‍ അതിര്‍ത്തികളില്‍ സൈനികാഭ്യാസം തുടരുമെന്ന് വ്യക്‌തമാക്കി റഷ്യ. ഏത് നിമിഷവും യുക്രൈനിലേക്ക് റഷ്യന്‍ അധിനിവേശമുണ്ടാകുമെന്ന് നാറ്റോ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 1945ന് ശേഷമുള്ള ഏറ്റവും വലിയ യുദ്ധസന്നാഹമാണ് റഷ്യ ഒരുക്കിയിരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. സംഘര്‍ഷമൊഴിവാക്കാന്‍ അവസാനവട്ട ശ്രമമെന്ന നിലയില്‍ റഷ്യന്‍ പ്രസിഡണ്ട് പുടിനുമായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ ചർച്ച നടത്തി.
അതിര്‍ത്തി സംഘര്‍ഷഭരിതമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്‍മാരോട് മടങ്ങിയെത്താനുള്ള മുന്നറിയിപ്പ് യുക്രൈനിലെ ഇന്ത്യന്‍ എംബസി നല്‍കിയിരുന്നു. ഇതിന് പിന്നാലെ യുക്രൈനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്‌ഥരുടെ കുടുംബാംഗങ്ങളോട് നാട്ടിലേക്ക് മടങ്ങാന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണും റഷ്യന്‍ പ്രസിഡണ്ട് വ്ളാഡിമിര്‍ പുടിനും നടത്തിയ ചര്‍ച്ചയില്‍ യുക്രൈനില്‍ വെടിനിര്‍ത്തലിനായി പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ ധാരണയായതായി മാക്രോണിന്റെ ഓഫിസ് ഞായറാഴ്‌ച അറിയിച്ചിരുന്നു. 105 മിനിറ്റ് നീണ്ടുനിന്ന ഫോണ്‍ സംഭാഷണത്തില്‍, നിലവിലുള്ള പ്രതിസന്ധിക്ക് നയതന്ത്രപരമായ പരിഹാരം കാണാന്‍ ധാരണയായതായാണ് വിവരം. എങ്കിലും ചര്‍ച്ച എത്രത്തോളം വിജയകരമായിരുന്നുവെന്ന് വരുംദിവസങ്ങളില്‍ മാത്രമേ വ്യക്‌തമാകൂ.
റഷ്യയുമായി ചേർന്ന് നടത്തുന്ന സൈനികാഭ്യാസം നീട്ടുന്നതായി ബെലാറസ് പ്രതിരോധ മന്ത്രി പറഞ്ഞത് യുക്രൈനുമേല്‍ സമ്മര്‍ദ്ദം കൂടുതല്‍ ശക്‌തമാക്കുകയാണ്. ബെലാറസില്‍ റഷ്യക്ക് 30,000ല്‍ അധികം സൈനികരുണ്ടെന്നും ബെലാറസിന്റെ തെക്ക് ഭാഗത്ത് സ്‌ഥിതിചെയ്യുന്ന യുക്രൈനെ ആക്രമിക്കാനുള്ള അധിനിവേശ സേനയുടെ ഭാഗമായി അവരെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും നാറ്റോ പറയുന്നു. എന്നാല്‍ അത്തരമൊരു ഉദ്ദേശം തങ്ങള്‍ക്കില്ല എന്നുതന്നെയാണ് റഷ്യ ഇപ്പോഴും പറയുന്നത്.
Read Also: സിഎഎ വിരുദ്ധ പ്രക്ഷോഭകരിൽ നിന്ന് ഈടാക്കിയ പിഴ തിരികെ നൽകും; യുപി സർക്കാർ