തിരുവനന്തപുരം: ഒമൈക്രോൺ ഭീതി നിലനിൽക്കുന്നതിനിടെ സംസ്‌ഥാനത്ത് കൂടുതൽ ആശങ്ക. ക്രിസ്‌മസ്, പുതുവൽസര ആഘോഷങ്ങൾ കഴിയുന്നതോടെ വീണ്ടും കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ആളുകൾ മടി കാണിക്കുന്നതാണ് കാരണം. പുതിയ വകഭേദം റിപ്പോർട് ചെയ്‌ത സാഹചര്യത്തിലും ആൾക്കൂട്ടങ്ങൾക്കും ആഘോഷങ്ങൾക്കും കുറവില്ല. ഇതിന്റെ പശ്‌ചാത്തലത്തിലാണ് മുന്നറിയിപ്പ്.
പുതുവർഷം പിറക്കുന്നതോടെ കോവിഡ് വ്യാപനം വലിയതോതിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ രണ്ടുദിവസങ്ങളായി 2000ത്തിൽ താഴെയാണ് പ്രതിദിന രോഗികളുടെ എണ്ണം. പരിശോധന കുറഞ്ഞത് രോഗികളുടെ എണ്ണം കുറയാൻ കാരണമായെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. പുതിയ കേസുകളുടെ വളർച്ചാ നിരക്കിൽ മുൻ ആഴ്‌ചകളുമായി താരതമ്യം ചെയ്യുമ്പോൾ 24 ശതമാനം കുറവുണ്ടായിട്ടുണ്ട്.
രോഗവ്യാപന സാധ്യത മുന്നിൽകണ്ട് ആശുപത്രികളിൽ അടക്കം സംവിധാനങ്ങൾ കൂടുതൽ സജ്‌ജമാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഓക്‌സിജൻ ഉൽപാദനവും സംഭരണവും ഉറപ്പാക്കണം. ചികിൽസക്ക് ആവശ്യമായ കിടക്കകൾ, അത്യാഹിത സംവിധാനങ്ങൾ എന്നിവയും തയ്യാറായിരിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
Also Read: ഷാൻ വധക്കേസ്; ആർഎസ്എസ് ജില്ലാ പ്രചാരകൻ അറസ്‌റ്റിൽ