പ്രശാന്ത്; മലബാറിൽ നിന്ന് ഇന്ത്യൻ ഫുട്‍ബോളിലേക്കൊരു വജ്രായുധം

By Desk Reporter, Malabar News
PRASANTH_K_Indian Footballer_Malabar News
പ്രശാന്ത്
Ajwa Travels

പ്രശസ്‌ത ഫുട്‍ബോൾ താരം വാഹിദ് സാലി എഴുതുന്നു:

2010-11 വർഷത്തിൽ കേരളാ ഫുട്ബോൾ അസ്സോസിയേഷന്റെ ഒരു ഇന്റർ ഡിസ്‌ട്രിക്‌റ്റ്‌ ടൂർണമെന്റിലാണ് കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പ്രശാന്ത് ആദ്യമായി ബൂട്ടുകെട്ടുന്നത്. തൃശ്ശൂരിൽ വെച്ച് നടന്ന ഈ ടൂർണ്ണമെന്റിലെ മികച്ചപ്രകടനം കേരളാ സംസ്‌ഥാന ടീമിലേക്ക് പ്രശാന്തിനുള്ള വാതിൽ തുറന്നു കൊടുത്തു.

കേരളാ ടീമിലെത്തിയ പ്രശാന്ത് പിന്നീട് നടത്തിയ അത്യുജ്ജല നിലവാരമുള്ള കളിമികവ് ഇന്ത്യൻ അണ്ടർ 16 സെലക്ഷൻ ക്യാമ്പിലേക്കും പ്രശാന്തിനെ എത്തിച്ചു. അവിടേയും കോച്ചുമാരെ അൽഭുതപ്പെടുത്തി പ്രശാന്ത് ടീമിലെ തന്റെ സ്ഥാനം ഉറപ്പിച്ചു. അവിടെ നിന്ന് ആരംഭിക്കുകയാണ് ദേശീയ നിലവാരത്തിലേക്കുള്ള പ്രശാന്തിന്റെ പടയോട്ടം.

K Prasanth with Amma_Malabar News
പ്രശാന്ത് അമ്മയോടൊപ്പം

പക്ഷെ, അന്നൊന്നും കോഴിക്കോട്ടുകാർക്ക് പോലും പ്രശാന്തിനെ അധികം പരിചയമില്ലാത്ത കാലമാണ്. ഇക്കാലത്താണ് ഞാനാദ്യമായി മുംബൈ ‘വഷി’ യിലെ ആർട്ടിഫിഷ്യൽ ടർഫ് ചെയ്‌ത ആ വലിയ സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് പ്രശാന്തിനെ കാണുന്നത്. 2012-13 ലെ ‘ഐ-ലീഗ്’ സീസണിലായിരുന്നു ആ കൂടിക്കാഴ്‌ച്ച. ഞങ്ങളുടെ പരിശീലന ഗ്രൗണ്ടായിരുന്ന ഈ സ്‌കൂൾ ഗ്രൗണ്ടിൽ തന്നെയായിരുന്നു അന്നത്തെ ഇന്ത്യൻ അണ്ടർ 16 ടീമിന്റെയും പരിശീലനം നടന്നു കൊണ്ടിരുന്നത്.

ഞാനിപ്പോഴും ഓർക്കുന്നു; ഞാനും മറ്റൊരു കോഴിക്കോട്ടുകാരനായ രഹനേഷും ഒരുമിച്ച് ONGC മുംബൈക്ക് വേണ്ടി 2012-13 ഐ-ലീഗ് കളിക്കുമ്പോൾ അന്നത്തെ ഇന്ത്യൻ അണ്ടർ 16 ടീമിന്റെ കുന്തമുനയായിരുന്നു മെലിഞ്ഞ് നീണ്ട ഈ 11ആം നമ്പറുകാരൻ. പ്രശാന്തിലെ പോരാട്ട വീര്യമുള്ള കളിക്കാരനെ ഞാനാദ്യമായി അടുത്തറിയുന്നത്, അന്ന് ഈ ഗ്രൗണ്ടിൽ വെച്ച് പരിശീലനത്തിന്റെ ഭാഗമായി നടത്തിയ സൗഹൃദ മൽസരത്തിലായിരുന്നു. അണ്ടർ 16 ഇന്ത്യൻ ടീമും ഞങ്ങളുടെ ONGC ടീമും തമ്മിലായിരുന്നു ആ സൗഹൃദ മൽസരം.

പന്തടക്കം കൊണ്ടും വേഗതകൊണ്ടും അനായാസേന എതിരാളികളെ പിന്നിലാക്കുന്നതാണ് പ്രശാന്തിന്റെ ‘ടെക്‌നിക്കൽ’ കഴിവെങ്കിൽ, സ്വന്തം ടീം അറ്റാക്കിനൊരുങ്ങുന്ന സമയത്ത്, പ്രശാന്ത് നിൽക്കുന്ന ‘സ്ഥ്ലം’ കണ്ടുത്തുക എന്നതായിരുന്നു അന്ന് എതിർടീമുകാർക്ക് വളരെ ശ്രമകരമായ ദൗത്യം. സത്യത്തിൽ അതു തന്നെയാണ് അദ്ദേഹത്തിന്റെ അന്നത്തേയും ഇന്നെത്തേയും ‘ടാക്റ്റിക്കൽ ‘ പ്ലസ് പോയിന്റും.

ഞാൻ മനസ്സിലാക്കുന്നത് അനുസരിച്ച്, ഗ്യാലറികളിലെ കാണികളിലേക്ക് ആവേശത്തിരയിളക്കം സൃഷ്‌ടിച്ചു വിടുന്ന എന്തോ ഒരു മാസ്‌മരികത അന്നുമിന്നും പ്രശാന്തിന്‌ ഒപ്പമുണ്ട്. അതെ, ഒരേ സമയം ടീമിനും ഗാലറിക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന മികച്ച നിലവാരമുള്ള ചുരുക്കം ഇന്ത്യൻ കളിക്കാരിൽ ഒരാൾ; അക്ഷരാർത്ഥത്തിൽ അതാണ് പ്രശാന്ത്.

K Prasanth with Mohanlal

ഞങ്ങളുടെ പരിശീലന ഗ്രൗണ്ടായിരുന്ന മുംബൈയിലെ ഈ ഗ്രൗണ്ടിന് ചുറ്റും കെട്ടിയിരുന്ന ഇരുമ്പ് വേലിയിൽ പിടിച്ച് പ്രശാന്ത് അന്ന് വിളിച്ച ആ ‘രെഹനേഷേട്ടാ…വാഹിദ് ക്കാ..’ എന്ന വിളി വർഷം 8 കഴിഞ്ഞിട്ടും ഇന്നും പഴക്കം കൂടാതെ എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. 2012-13 ലെ ഐ-ലീഗ് സീസൺ കഴിഞ്ഞ ശേഷം, ഞാൻ കൊൽക്കത്ത മോഹൻ ബഗാനിലേക്കും രഹനേഷ് മുംബൈയിലെ ഡോഡ്‌സാൽ എഫ്‌സിയിലേക്കും വഴി പിരിഞ്ഞു.

പക്ഷെ, പ്രശാന്ത് പരിശീലനവുമായി അവിടെ തന്നെ തുടർന്നു. രണ്ടു വർഷത്തോളം മുംബൈയിലെ വിദേശ കോച്ചുമാരുടെ കീഴിൽ ഒരു ടൂർണ്ണമെന്റു പോലും കളിക്കാതെ, അതി വിദഗ്‌ധവും കഠിനവുമായ പരിശീലനമുറകൾ. അതെല്ലാം പ്രശാന്തിന്റെ പ്രൊഫഷണൽ കാൽപന്തു ജീവിതത്തിലെ വലിയ മുതൽക്കൂട്ടു തന്നെയായിരുന്നു. ഇത് അദ്ദേഹം തന്നെ പലപ്പോഴും സാക്ഷ്യപെടുത്തിയിട്ടുണ്ട്.

ഈ കാലയളവിലെ മികച്ച പ്രകടനം പിന്നീട് അടുത്ത ‘കാറ്റഗറി’യായ അണ്ടർ 19 ഇന്ത്യൻ ടീമിലേക്ക് നേരിട്ടുള്ള പ്രവേശനം പ്രശാന്തിന് എളുപ്പമാക്കി. അണ്ടർ 19ന്റെ അന്നത്തെ പരിശീലനം നടന്നിരുന്നത് ഗോവയിലായിരുന്നു. സ്വാഭാവികമായും പ്രശാന്ത് മുംബൈയിൽ നിന്ന് ഗോവയിലേക്ക് ചേക്കേറി.

അക്കാലത്ത് ഗോവയായിരുന്നു ഇന്ത്യൻ ഫുടബോളിന്റെ ശക്‌തികേന്ദ്രങ്ങളിൽ ഒന്ന് എന്ന് പറയാം. അന്നത്തെ ഗോവൻ ക്ലബുകളായ സാൽഗോക്കർ, സ്‌പോർട്ടിങ് ക്ലബ്, ഡെംപോ, ചർച്ചിൽ ബ്രദേഴ്‌സ്‌ എന്നിവ ഇന്ത്യൻ ഫുടബോളിന്റെ തന്നെ അവിഭാജ്യ ഘടകങ്ങളായിരുന്നു. ഈ നാല് ക്ലബുകളും ഗോവയെ പ്രതിനിധീകരിച്ച് ഐ-ലീഗിൽ ഉണ്ടായിരുന്ന കാലവുമാണത്.

ഗോവയുടെ കാറ്റിന് പോലും ഫുട്‍ബോൾ ലഹരി ഉണ്ടായിരുന്ന, ഗോവയുടെ ഫുട്‍ബോൾ രാജകീയ കാലം എന്ന് വിശേഷിപ്പിക്കാവുന്ന ഈ സമയത്താണ് പ്രശാന്ത് ഇവിടെ എത്തിച്ചേരുന്നത്.

പിന്നീട് ഗോവയിലെ അണ്ടർ 19ന്റെ ഈ ക്യാമ്പിൽ വെച്ചാണ് ജീവിതത്തിലെ വഴിത്തിരിവുകൾ പ്രശാന്തിനായ് ദൈവം കരുതി വെച്ചതും. അണ്ടർ 19 സാഫ് കപ്പിന്റെ ഇന്ത്യൻ ടീമിൽ അംഗമാകാനും നേപ്പാളിൽ വെച്ചു നടന്ന ടൂർണ്ണമെന്റിലെ ഫൈനലിൽ നേപ്പാളിനെ, അവരുടെ നാട്ടിൽ വെച്ചു തന്നെ തോൽപ്പിക്കാനും പ്രശാന്ത് ഉൾപ്പെടുന്ന ടീമിന് സാധിച്ചു. ചാംമ്പ്യൻ കപ്പുമായി നേപ്പാളിൽ നിന്നും ഇന്ത്യൻ അതിർത്തി കടക്കുമ്പോഴും ആ മെലിഞ്ഞു നീണ്ട മലയാളി പയ്യൻ തന്റെ ഗ്രൗണ്ടിലെ സ്‌ഥാനം മറ്റൊരാൾക്കു മുന്നിലും അടിയറവ് വെച്ചിരുന്നില്ല.

ടൂർണ്ണമെന്റുകളുടെ പരിചയസമ്പത്തിനായി ഓൾ ഇന്ത്യാ ഫുട്‍ബോൾ ഫെഡറേഷൻ അണ്ടർ-19 ടീമിനെ, ആ വർഷത്തെ അണ്ടർ-19 ഐലീഗ് മൽസരങ്ങളിൽ പങ്കെടുപ്പിച്ചു. ഇതിൽ കളിക്കാൻ പ്രശാന്തിന് സാധിച്ചു. ഇന്ത്യൻ കുപ്പായമണിഞ്ഞ പ്രശാന്ത് ഉൾപ്പെടുന്ന ഈ ടീം, ആ വർഷത്തെ അണ്ടർ-19 ഐലീഗ് കിരീടവും ‘ഓൾ ഇന്ത്യാ ഫുട്‍ബോൾ ഫെഡറേഷന്റെ’ ഷോക്കേസിലേക്ക് എത്തിച്ചു. ഈ വിജയ ടീമിലെയും ഒഴിച്ച് കൂടാൻ പറ്റാത്ത താരമായിരുന്നു നമ്മുടെ പ്രശാന്ത്.

ഓൾ ഇന്ത്യാ ഫുട്‍ബോൾ ഫെഡറേഷൻ വാർത്തെടുത്ത പ്രശാന്ത് അവിടെ നിന്നാണ് പ്രൈവറ്റ് ക്ളബ്ബായ DSK ശിവാജിയൻസ് എന്ന പുനെയിലെ ക്ലബ്ബിലേക്ക് പോകുന്നത്. DSK യുടെ സീനിയർ ക്ലബ്ബിൽ നിന്നുള്ള ക്ഷണം കിട്ടിയത് അനുസരിച്ചാണ് പ്രശാന്ത് ഗോവ വിടാൻ തീരുമാനിക്കുന്നത്.

വാഹിദ് സാലിയും പ്രശാന്തും

കുറച്ചു ദിവസങ്ങൾക്ക് ശേഷം, DSK യുമായുള്ള കരാർ ഒപ്പിടാൻ പോവുകയാണ് എന്ന് പറഞ്ഞ് പ്രശാന്ത് ഫേസ്ബുക്കിൽ എനിക്കൊരു മെസ്സേജ്‌ അയച്ചു. ആകാംക്ഷയും ആഹ്ളാദവും നിറഞ്ഞ ആ മെസ്സേജുകൾക്ക് ഞാൻ നൽകിയ മറുപടി “ധൈര്യമായി മുന്നോട്ടു പോകു” എന്ന് മാത്രമായിരുന്നു. കാരണം, എനിക്കറിയാമായിരുന്നു പ്രശാന്തിന്റെ പ്രൊഫഷണൽ കരിയറിൽ DSK ഒരു മുതൽ കൂട്ടാവുമെന്ന്.

ക്ഷണമനുസരിച്ച് പൂനെയിൽ എത്തിച്ചേർന്ന പ്രശാന്തിന്, ഗോവക്കാരൻ ഡെറിക് പെരേര ചീഫ് കോച്ചായ ‘DSK’ യുടെ സീനിയർ ടീമിൽ കരാറൊപ്പിടാൻ സാധിച്ചില്ല. കാരണം, DSK ക്ക് അന്ന് സ്വന്തം അക്കാഡമി ഉണ്ടായിരുന്നു. ഈ അക്കാഡമി ചീഫ് കോച്ച് ഒരു വിദേശിയായിരുന്നു. ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, തങ്ങളുടെ അക്കാഡമിയിലെ കളിക്കാർക്ക് പകരം, പുറത്തു നിന്നും ജൂനിയർ താരങ്ങളെ DSK യുടെ സീനിയർ ടീമിലേക്ക് എടുക്കാൻ പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞു. ഈ ‘ഇടപെടൽ’ ആണ് സീനിയർ ടീമിലേക്കുള്ള പ്രശാന്തിന്റെ പ്രവേശനത്തിന് തടസ്സമായത്.

എന്നാൽ, സീനിയർ ടീമിലേക്കുള്ള പ്രവേശനം നിഷേധിച്ച അതേ കോച്ച്, പ്രശാന്തിന്റെ കഴിവിനെ തിരിച്ചറിഞ്ഞത് കൊണ്ട് ഉപേക്ഷിക്കാനും തയ്യാറായില്ല. പകരം, ബുദ്ധിമാനായ അക്കാഡമി ചീഫ് കോച്ച്, പ്രശാന്തിന് അക്കാഡമിയുടെ കരാർ മുന്നിലേക്ക് വെച്ചുകൊടുത്തു. അങ്ങിനെ DSK യുടെ സീനിയർ ക്ളബ്ബിൽ ജോയിൻ ചെയ്യാൻ വന്ന പ്രശാന്ത് DSK അക്കാഡമിയിൽ 5 മാസത്തോളം തുടർന്നു.

DSK അക്കാഡമിയിൽ തുടരുന്ന സമയത്താണ്, കേരളാ ബ്ളാസ്‌റ്റേഴ്‌സിൽ നിന്ന് ക്ഷണം ലഭിക്കുന്നത്. ബ്ളാസ്‌റ്റേഴ്‌സിൽ അസിസ്റ്റൻഡ് കോച്ചും കളിക്കാരനുമായിരുന്ന കാശ്‌മീരുകരനായ ഇഷ്‌ഫാക് അഹമ്മദിന്റെ താൽപര്യ പ്രകാരമാണ് പ്രശാന്ത് പൂനൈയിലെ DSK വിടുന്നതും ബ്ളാസ്‌റ്റേഴ്‌സിലേക്ക് ചെക്കേറാൻ തീരുമാനിക്കുന്നതും. അങ്ങിനെ, അതിനോടകം മലയാളികളുടെ വികാരമായി മാറിയ ‘മഞ്ഞപ്പട’ അഥവാ അന്നത്തെ സച്ചിന്റെ ബ്ളാസ്‌റ്റേഴ്‌സിലേക്ക് DSK പൂനയിൽ നിന്ന് പ്രശാന്ത് പറന്നിറങ്ങി.

ബ്ളാസ്‌റ്റേഴ്‌സുമായുള്ള ഒരു വർഷത്തെ കരാറിന് ശേഷം ചെന്നൈ സിറ്റി എഫ് സി ക്ക് വേണ്ടി 2017-18 ൽ ബൂട്ടണിഞ്ഞു. ചെന്നൈ സിറ്റി എഫ്‌സിയുടെ ഐ ലീഗിലെ മികച്ച പ്രകടനം വിലയിരുത്തിയ ബ്ളാസ്‌റ്റേഴ്‌സ് പ്രശാന്തിനെ തിരിച്ചു വിളിച്ചു. അങ്ങിനെ ബ്ളാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റത്തിന് കരുത്ത് പകരാൻ ആ വർഷം തന്നെ പ്രശാന്ത് മഞ്ഞപ്പടയിലേക്ക് തിരിച്ചെത്തി.

മഞ്ഞപ്പടയിൽ തുടരുന്ന സമയത്താണ് കഴിഞ്ഞ വർഷം ദോഹയിൽ വെച്ച് ഒരു ‘ഇലവൻ എ സൈഡ്’ പ്രദർശന മൽസരം നടക്കുന്നത്. ഈ മൽസരത്തിൽ മലപ്പുറം കരുവാരക്കുണ്ടുകാരൻ ഈസക്കയുടെ ഉടമസ്‌തഥയിലുള്ള ‘അലി ഇന്റർനാഷണൽ’ എന്ന ടീമിന്റെ പ്രത്യേക ക്ഷണിതാവായി പ്രശാന്തും വന്നിരുന്നു. പ്രദർശന മൽസരത്തിൽ കമ്മിറ്റിയുടെ അഭ്യർഥന മാനിച്ച് പ്രശാന്ത് എന്റെ എതിർ ചേരിയിൽ ബൂട്ടണിഞ്ഞു. എന്റെ സുഹൃത്തും പഴയ ‘ഒളിംമ്പ്യൻ റഹ്‌മാൻ” സാറിന്റെ യൂണിവേർസൽ ടീമിലെ കളിക്കൂട്ടുകാരനുമായ സലീമിന്റെ ഉടമസ്‌ഥതയിലുള്ള ‘മേറ്റ്സ് ഖത്തർ’ എന്ന ടീമിന് വേണ്ടിയായിരുന്നു ഞാൻ ബൂട്ടണിഞ്ഞിരുന്നത്.

ഈ പ്രദർശന മൽസരത്തിലാണ് വർഷങ്ങൾക്ക് ശേഷം ഞാൻ പ്രശാന്തിന്റെ ആക്രമണത്തിലെ മൂർച്ച അനുഭവിച്ചറിയുന്നത്. പ്രശാന്തിന്റെ ഓട്ടത്തിന്റേയും പന്തടക്കത്തിന്റേയും അസാമാന്യ വേഗതയുടെയും പൊസിഷനിങ്ങിന്റെയും മൂർച്ച വലത് വിങ്ങിൽ കളിച്ച ഈ മുപ്പത്തിയെട്ടുകാരനെ കുറച്ചൊന്നുമല്ല ‘എടങ്ങേറാക്കിയത്’.

ആ പഴയ മെലിഞ്ഞ 11ആം നമ്പർ ഓട്ടക്കാരന്റെ മുന്നിൽ ഇടക്കൊക്കെ ഞാൻ പതറിപ്പോയി എന്നതാണ് സത്യം. പക്ഷെ, അതെനിക്കൊരു അഭിമാനമായിരുന്നു. കാരണം, പ്രശാന്തിന്റെ വളർച്ചയിൽ അയാൾ നേടിയ വൈദഗ്ധ്യം നാളെ ഇന്ത്യൻ ടീമിന് മുതൽക്കൂട്ടാവുമെന്ന തിരിച്ചറിവ് എനിക്ക് സന്തോഷം നൽകിയ നിമിഷങ്ങളായിരുന്നു അത്. എങ്കിലും, ഗ്രൗണ്ടിലെ എന്റെ ‘കുരുത്തക്കേട്’ നേരിട്ടറിയുന്നതുകൊണ്ടോ അതോ പ്രദർശന മൽസരം ആയത് കൊണ്ടോ എന്നറിയില്ല, എന്നെ അദ്ദേഹം അധികം നാണംകെടുത്തിയില്ല.

WAHID SALI _ Malabar News
വാഹിദ് സാലി ദോഹ ഗ്രൗണ്ടിൽ

കളികഴിഞ്ഞ ശേഷം, തന്റെ നിഷ്‌കളങ്കമായ ചിരിയും സ്‌ഥായിയായ പ്രശാന്തിന്റെ വിനയവും ഒരു ‘കെട്ടിപിടുത്തത്തിൽ’ എനിക്ക് സമ്മാനമായി നൽകി മൈതാനത്ത് നിന്ന് അദ്ദേഹം നടന്നകന്നു. നന്ദി പ്രശാന്ത് താങ്കൾ അന്ന് കാണിച്ച ബഹുമാനത്തിനും കൂടെ, ഗ്രൗണ്ടിൽ ഒന്നരമണിക്കൂറോളം ഈ പ്രതിരോധ ഭടന് നിലവാരമുള്ള ഒരു എതിരാളിയെ സമ്മാനിച്ചതിനും.

ഇടവേളകളിൽ കിട്ടുന്ന സമയത്ത് കോഴിക്കോട്ടെ ദേവഗിരി കോളേജിലെ തന്റെ ഡിഗ്രി വിദ്യഭ്യാസം പിന്തുടരാൻ ഓടിയെത്തും. ഈ സമയത്ത് കോളേജിലെ പരിശീലകന്‍ നിയാസ് റഹ്‌മാന്റെ കീഴിൽ ഇടക്ക് കോളേജ് ടീമിന് ഒപ്പം കളിക്കും. പ്രശാന്തിനെ സംബന്ധിച്ച് ഇതൊരു പരിശീലനം കൂടിയാണ്. ഇത്തരം കളികളിൽ, സഹകളിക്കാരെ പ്രചോദിപ്പിക്കുന്ന മികച്ച പ്രകടനങ്ങൾ പ്രശാന്ത് പുറത്ത് എടുക്കാറുണ്ട്.

ഞാനുൾപ്പടെ അനേകം പേർക്ക് പ്രശാന്തിനെ ആഴത്തിൽ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. പക്ഷെ, ടീമിൽ മാറിമാറി വന്ന കോച്ചുമാരുടെ ‘സ്‌ട്രാറ്റജി’ നടപ്പാക്കുന്നതിനിടയിൽ പ്രശാന്ത് എന്ന കളിക്കാരന്റെ നിലവാരം മനസ്സിലാക്കാൻ പല കോച്ചുമാർക്കും സാധിക്കാതെ വന്നു. പലരുടെയും കീഴിൽ പകരക്കാരനായി ഇരുന്നപ്പോഴും മലയാളികളുടെ തനത് പോരാട്ട വീര്യം കളയാതെ.,കെടാതെ മനസ്സിലൊരു അഗ്‌നിയായി കൊളുത്തി വെച്ചു പ്രശാന്ത്.

ഇനിയുമേറെ ആവേശത്തോടെ ആളികത്തിക്കാനും അതുപോലെ ഇന്ത്യൻ സീനിയർ ഫുട്ബോൾ ടീമിലേക്ക് തന്റെ കഠിനാധ്വാനവും പരിശ്രമവും കൊണ്ട് എത്തിപ്പെടാനും പ്രശാന്തിന് സാധിക്കട്ടെ. കോഴിക്കോടിന്റെയൊ മലബാറിന്റെയൊ മാത്രമല്ല,നമ്മൾ മലയാളികളുടെ സ്വന്തം സ്വകാര്യ അഹങ്കാരമായി മാറാൻ പ്രശാന്തിന് സാധിക്കട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. ആഗ്രഹിക്കുന്നു., പ്രാർഥിക്കുന്നു.

WAHID SALI_Malabar News
വാഹിദ് സാലി
എഴുത്ത്: വാഹിദ് സാലി, മുഹമ്മദ് സാലി – സുബൈദ ദമ്പതികളുടെ മകൻ. കോഴിക്കോട് സ്വദേശി. യൂണിവേഴ്‌സൽ സോക്കർ സ്‌കൂൾ കോഴിക്കോട്, എസ്ബിടി തിരുവനന്തപുരം, ജോസ്‌കോ എഫ്‍സി എറണാകുളം, മൂംബൈ എഫ്‍സി, ഒഎൻജിസി എഫ്‍സി മൂംബൈ, മോഹൻ ബഗാൻ കൊൽക്കത്ത, ഭവാനിപ്പൂർ എഫ്‌സി കൊൽക്കത്ത, കേരള നാഷണൽ ഗെയിംസ്‌ 2015 ലെ സ്‌റ്റേറ്റ്‌ ടീം പ്ലെയർ. നിലവിൽ; യുഫയുടെ (യങ് യൂണിവേഴ്‌സൽ ഫുട്‍ബോൾ അക്കാദമി) സ്‌ഥാപകൻ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് ഫുട്‍ബോൾ ടീം ചീഫ് കോച്ച്, കാലിക്കറ്റ്‌ യുണൈറ്റഡ് ഫുട്‍ബോൾ ക്ലബ് ‌ജനറൽ സെക്രട്ടറിയും ചീഫ് കോച്ചും. Facebook: വാഹിദ് സാലി (WS-28)

Must Read: ഹത്രസും ബൽറാംപുരും ഒരു ഓർമപ്പെടുത്തൽ; ആശങ്കയറിയിച്ച് യുഎൻ

COMMENTS

  1. പ്രശാന്ത് ഇന്ത്യൻ ഫുട്ബോളിലേക്കൊരു വജ്രായുധം.,, എന്ന ലേഖനം വായിച്ചു.വളരെ ഹൃദ്യമായി തോന്നി.പ്രശാന്ത് എന്ന ഫുട്ബോൾ താരത്തെ അടുത്തറിയാൻ സഹായിച്ച എഴുത്തുക്കാരൻ വാഹിദ് സാലിക്ക് അഭിനന്ദനങ്ങൾ.

    .’ വാനോളം മുയരട്ടെ
    വാഹിദ് സാലി നിൻ
    എഴുത്തുകൾ
    തേനോളം മധുരിക്കും
    കാലങ്ങളോളം’

    ബാലചന്ദ്രൻ .കൊട്ടപ്പുറം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE