തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുന്നു. ബുധനാഴ്‌ച അർധരാത്രി മുതൽ പ്രഖ്യാപിച്ച സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പൊതുജനങ്ങൾ വലയുമ്പോഴും സർക്കാർ ഇന്നും സമരക്കാരെ ചർച്ചക്ക് വിളിച്ചിട്ടില്ല. ബസ് ചാർജ് വർധനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഈ മാസം 30ന് നടക്കുന്ന എൽഡിഎഫ് യോഗത്തിന് ശേഷമായിരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.
ജനങ്ങളെ മുൾമുനയിൽ നിർത്തി ആവശ്യം സാധിക്കാമെന്ന ധാരണ വേണ്ടന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സൗകര്യങ്ങൾ ഉപയോഗിച്ച് കെ എസ് ആർ ടി സി പരമാവധി സർവീസ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് ബസുടമകളുടെ തീരുമാനം.
മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാർഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്‌ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം നടത്തുന്നത്. കെഎസ്‌ആർടിസി അധിക സർവീസ് നടത്തിയില്ലെങ്കിൽ ജനജീവിതം ഇന്നും ദുരിതത്തിലാവും.
Most Read: കെ-റെയിൽ; പ്രതിരോധം തീർക്കാൻ സിപിഎം നേരിട്ടിറങ്ങുന്നു