തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതോടെ ക്രമീകരണങ്ങളില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍. ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിബന്ധന പ്രായോഗികമല്ലെന്നും മൂന്നു കുട്ടികളെയെങ്കിലും ഇരുത്തണമെന്ന നിര്‍ദ്ദേശമാണ് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ മുന്നോട്ടു വച്ചിരിക്കുന്നത്.
സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ശുചീകരണത്തിനായി ഉപയോഗിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും ലഭ്യമാക്കണം, ഓണ്‍ലൈന്‍ ക്ളാസിന്റെ സാഹചര്യത്തിൽ കുറച്ചുനല്‍കിയ ഫീസ് ഘടന പുനസ്‌ഥാപിക്കാന്‍ സര്‍ക്കാര്‍ തന്നെ നിര്‍ദേശം നല്‍കണമെന്നും സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ കുട്ടികള്‍ സ്‌കൂളിലെത്തുന്ന കാര്യത്തില്‍ സംവിധാനമൊരുക്കണം. ഈ അധ്യയന വര്‍ഷം യൂണിഫോം നിര്‍ബന്ധമാക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് ആരോഗ്യ -വിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗരേഖ ഇന്നലെ തയ്യാറാക്കിയിരുന്നു. ഒന്നു മുതല്‍ ഏഴ് വരെയുള്ള ക്ളാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിമാത്രം മതി എന്നാണ് സർക്കാർ നിര്‍ദ്ദേശം. എല്‍പി വിഭാഗത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും സ്‌കൂളില്‍ ഉച്ചഭക്ഷണം കൊണ്ട് വരാന്‍ തൽക്കാലം അനുമതിയില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
Read also: 17കാരിയുടെ ആത്‍മഹത്യ; അയൽവാസി അറസ്‌റ്റിൽ