നീലേശ്വരം: കാസർഗോഡ് ജില്ലയിൽ നിരോധിത മീൻപിടിത്തം വ്യാപകം. ഇതോടെ നിരോധിത മീൻപിടിത്തം തടയാനുള്ള ഫലപ്രദമായ സംവിധാനങ്ങളില്ലാതെ ആശങ്കയിലായി ജില്ലയിലെ ഫിഷറീസ് വകുപ്പ്. കർണാടകയിൽ നിന്നും ഗോവയിൽ നിന്നും സർവ സന്നാഹവുമായാണ് ബോട്ടുകൾ എത്തുന്നത്. നിരോധിതമായി മീൻപിടിക്കുന്ന ഇത്തരം ബോട്ടുകൾ പിടികൂടി പിഴയിടുന്ന ജില്ലയിലെ പട്രോളിംഗ് സംഘത്തെവരെ ഇവർ ആക്രമിക്കാൻ ശ്രമിച്ചുവെന്നും പരാതികൾ ഉണ്ടായിരുന്നു.
നീലേശ്വരം ആഴിത്തല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫിഷറീസ് രക്ഷാബോട്ട് ഇറക്കിയാണ് അധികൃതർ രാത്രിയിൽ കടൽ പട്രോളിംഗ് നടത്തുന്നത്. കഴിഞ്ഞ ദിവസം പട്രോളിംഗിനിടെ കർണാടകയിൽ നിന്നെത്തിയ രണ്ടു ബോട്ടുകളിൽ ഒന്ന് ഫിഷറീസ് ബോട്ടിൽ ഇടിച്ചു അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. തുടർന്ന് ഇതിലൊന്ന് വല മുറിച്ചിട്ട് രക്ഷപെട്ടു. എന്നാൽ, അപകടപ്പെടുത്താൻ ശ്രമിച്ച ‘ചിരാഗ്’ എന്ന ബോട്ട് അധികൃതർ പിടികൂടി ആഴിത്തലയിൽ എത്തിച്ചിരുന്നു.
ബോട്ടുകളിൽ എത്തുന്നവർ അക്രമകാരികൾ ആവുന്നതിനാൽ തീരദേശ പോലീസിന്റെ സഹായത്തോടെയാണ് ഇപ്പോൾ പട്രോളിംഗ് നടത്തുന്നത്. നിരായുധരായാണ് ഇവർ കടലിൽ ഇറങ്ങുന്നത്. എന്നാൽ, സർവസന്നാഹവുമായി എത്തുന്ന ഇതരസംസ്‌ഥാന ബോട്ടുകൾ അക്രമത്തിന് മുതിരുന്നതിനാൽ ആയുധമേന്തി തന്നെ പട്രോളിംഗിന് ഇറങ്ങണമെന്ന് മുൻ കളക്‌ടർ ഡോ. ഡി സജിത് ബാബു നിർദ്ദേശം നൽകിയിരുന്നു.
നിരോധിത മീൻ പിടിത്തത്തിന് മൂന്ന് രീതികളാണുള്ളത്. രണ്ടു ബോട്ടുകളിൽ ഇരുവശത്തുമായി വലയിട്ട് മീൻ കോരിയെടുക്കുന്ന രീതികളാണ് രണ്ടെണ്ണം (ഡബിൾ നെറ്റ്, കൂറ്റൻ ടവർ നെറ്റ്) കരയോട് ചേർത്ത് വലയിടുന്ന രീതിയാണ് മറ്റൊന്ന്. ഈ മൂന്ന് മൽസ്യബന്ധന രീതികളും മൽസ്യസമ്പത്തിനെ നശിപ്പിക്കുന്നവയാണ്. നിരോധിത മീൻപിടിത്തം തടയാനുള്ള ഫലപ്രദമായ നടപടി സ്വീകരിക്കാനാവാതെ ആശങ്കയിലായിരിക്കകയാണ് ജില്ലയിലെ ഫിഷറീസ് വകുപ്പ്.
Read Also: പാലക്കാട് മരുതറോഡ് സഹകരണ ബാങ്ക് കവർച്ച; പ്രതിയെ മഹാരാഷ്‌ട്രയിൽ നിന്ന് പിടികൂടി