പാലക്കാട്: ചന്ദ്രനഗറിലെ മറുതറോഡ് സഹകരണ ബാങ്ക് കവർച്ചാ കേസിലെ പ്രതിയെ മഹാരാഷ്‌ട്രയിൽ നിന്ന് പിടികൂടി. മഹാരാഷ്‌ട്ര സത്താറ സ്വദേശി നിഖിൽ അശോക് ജോഷിയെയാണ് പിടികൂടിയത്. കഴിഞ്ഞ മാസം 26ന് ആണ് ബാങ്കിൽ നിന്ന് ഏഴരക്കിലോ സ്വർണവും 18,000 രൂപയും ഇയാൾ കവർച്ച നടത്തിയത്.
ബാങ്കിന് സമീപത്തെ ഒന്നരകിലോമീറ്റർ ചുറ്റളവിലെ സിസിടിവി ദൃശ്യങ്ങളും മൊബൈൽഫോൺ ടവറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ നിർണായകമായത്. തുടർന്ന് പോലീസിന്റെ പ്രത്യേക സംഘം രൂപികരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തിനിടെയാണ് പോലീസ് സംഘം മഹാരാഷ്‌ട്രയിലെത്തി പ്രതിയെ പിടികൂടിയത്. ഇയാൾ ഒറ്റയ്‌ക്കാണ് ബാങ്കിൽ മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
സത്താറ സ്വാദേശിയായ നിഖിൽ അശോക് ജോഷി നിരവധി കേസുകളിൽ പ്രതിയാണ്. സഹകരണ ബാങ്കുകളും ധനകാര്യ സ്‌ഥാപനങ്ങളും ലക്ഷ്യമിട്ട് മോഷണം നടത്തുന്നയാളാണ്. ഇയാൾ കവർച്ചയ്‌ക്കായി ഒരുമാസത്തോളം പാലക്കാട്ട് താമസിച്ചിരുന്നതായും പോലീസ് പറഞ്ഞു. മോഷണം നടത്തിയ പണവും സ്വർണവും സത്താറിലെ വിവിധ ആളുകൾക്കൾക്ക് കൈമാറിയെന്നാണ് വിവരം. ഇത് ഉടൻ കണ്ടെത്തുമെന്നും പോലീസ് വിഭാഗം അറിയിച്ചു.
Read Also: മലപ്പുറത്തെ വാക്‌സിൻ വിതരണം; ജില്ലയിലും സംസ്‌ഥാനത്തും രണ്ട് കണക്ക്