സേനകളിൽ നിയമനം വൈകുന്നു; ഇഴഞ്ഞ് നീങ്ങി പിഎസ്‌സി, ഉദ്യോഗാർഥികൾ ആശങ്കയിൽ

By News Desk, Malabar News
PSC Exam delayed

തിരുവനന്തപുരം: സംസ്‌ഥാനത്ത് പോലീസ്, എക്‌സൈസ്, അഗ്‌നിശമന സേനകളിലേക്കുള്ള പിഎസ്‌സി നിയമനങ്ങൾ വൈകുന്നു. പുതിയ റാങ്ക് ലിസ്‌റ്റ്‌ തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ ഒരു വർഷമായി എങ്ങുമെത്താത്ത സ്‌ഥിതിയിലാണ്. സബ്‌ ഇൻസ്‌പെക്‌ടർ, സിവിൽ പോലീസ് ഓഫിസർ, ഫയർമാൻ, എക്‌സൈസ് ഇൻസ്‌പെക്‌ടർ, അസിസ്‌റ്റന്റ്‌ ജയിലർ തുടങ്ങിയ തസ്‌തികകളിലേക്കുള്ള നിയമനങ്ങളാണ് ഒരു വർഷത്തിലധികമായി നിലച്ചിരിക്കുന്നത്. ഇവയുടെ എല്ലാം റാങ്ക് ലിസ്‌റ്റ്‌ കാലാവധി അവസാനിച്ചിട്ടും പുതിയ ലിസ്‌റ്റ്‌ തയ്യാറാക്കാനുള്ള നടപടികളിലേക്ക് പിഎസ്‌സി കടന്നിട്ടില്ല.

പുതിയ പരീക്ഷാ പരിഷ്‌കരണത്തെ തുടർന്ന് ഒരേ യോഗ്യതയുള്ള തസ്‌തികകളിലേക്ക് യോഗ്യതാ പരീക്ഷ നടത്തിയിരുന്നു. ഈ പരീക്ഷയിൽ ഉൾപ്പെടുത്തിയാണ് മേൽപറഞ്ഞ തസ്‌തികകളിലേക്കുള്ള പ്രാഥമിക പരീക്ഷ നടത്തിയത്. എന്നാൽ, പ്രാഥമിക പരീക്ഷാ ഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതിന് ശേഷം, മെയിൻ പരീക്ഷ, കായിക ക്ഷമത പരിശോധന, സർട്ടിഫിക്കറ്റുകളുടെ പരിശോധന എന്നിവയും നടക്കാനുണ്ട്. ഇതിന് ശേഷം മാത്രമേ പുതിയ റാങ്ക് പട്ടിക തയ്യാറാകൂ.

ഇങ്ങനെയെങ്കിൽ അടുത്ത വർഷം പോലും റാങ്ക് ലിസ്‌റ്റ്‌ വരുമെന്ന് ഉദ്യോഗാർഥികൾക്ക് ഉറപ്പില്ല. പോലീസിലേക്ക് പിഎസ്‌സി വഴി നിയമനം നടന്നിട്ട് ഒരു വർഷമായി. സിവിൽ എക്‌സൈസ് ഓഫിസർ തസ്‌തികയിലേക്കുള്ള റാങ്ക് ലിസ്‌റ്റിന്റെ കാലാവധി ഒന്നരവർഷം മുൻപ് അവസാനിച്ചിരുന്നു. ഇതിന് പുറമേ ഫയർമാൻ ഗ്രേഡ് 2 തസ്‌തികയിലും നിയമനം നടന്നിട്ട് രണ്ടുവർഷമാകുന്നു. അസിസ്‌റ്റന്റ് ജയിലർ, എക്‌സൈസ് ഇൻസ്‌പെക്‌ടർ തസ്‌തികയിലേക്കും റാങ്ക് ലിസ്‌റ്റുകൾ നിലവിലില്ല.

എക്‌സൈസ് ഇൻസ്‌പെക്‌ടർ തസ്‌തികയിലേക്കുള്ള റാങ്ക് ലിസ്‌റ്റ്‌ കാലാവധി 2020ൽ തന്നെ അവസാനിച്ചിരുന്നു. ഇങ്ങനെ വിവിധ സേനകളിലേക്കുള്ള നിയമനം വൈകുകയും റാങ്ക് ലിസ്‌റ്റ്‌ കാലാവധി അവസാനിക്കുകയും ചെയ്യുമ്പോൾ തുടർ നടപടികൾ സ്വീകരിക്കാൻ പിഎസ്‌സി തയ്യാറാകുന്നില്ലെന്നാണ് ഉദ്യോഗാർഥികളുടെ പരാതി.

അതേസമയം, കോവിഡ് പ്രതിസന്ധിയും ലോക്ക്‌ഡൗണും കാരണമാണ് പരീക്ഷ നടത്തുന്നതിനും മറ്റും കാലതാമസം നേരിടുന്നതെന്നാണ് പിഎസ്‌സിയുടെ വിശദീകരണം. സാധാരണ കാലതാമസം ഉണ്ടാകുമ്പോൾ പഴയ ലിസ്‌റ്റുകളുടെ കാലാവധി നീട്ടാറാണ് പതിവ്. എന്നാൽ, ആ രീതി ഇപ്പോഴില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പശ്‌ചാത്തലത്തിൽ സർക്കാരും പുതിയ നിയമനങ്ങളോട് താൽപര്യം കാണിക്കുന്നില്ല.

കോവിഡും കാലവർഷക്കെടുതിയും പിഎസ്‌സിയുടെ പരീക്ഷാ നടത്തിപ്പിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. കോവിഡ് കുറഞ്ഞതിന് പിന്നാലെ യുദ്ധകാലാടിസ്‌ഥാനത്തിൽ പരീക്ഷകൾ നടത്താൻ പിഎസ്‌സി ശ്രമിക്കുന്നുണ്ട്. ഇതിനൊപ്പം, കാലവർഷക്കെടുതി കൂടിയായതോടെ പരീക്ഷകൾ നടത്തുന്നതിൽ കാലതാമസം നേരിട്ടിട്ടുണ്ട്. ഇതിനൊപ്പം വിദ്യാലയങ്ങളിൽ ക്‌ളാസുകൾ ആരംഭിച്ചതും പരീക്ഷാ കേന്ദ്രങ്ങൾ ലഭ്യമാക്കുന്നതിൽ പ്രതിസന്ധിയുണ്ടാക്കി. അത് മറികടക്കാൻ ഞായറാഴ്‌ചകളിൽ അടക്കം പരീക്ഷകൾ നടത്തിയാണ് മുന്നോട്ട് പോകുന്നത്.

അടുത്ത വർഷം ഫെബ്രുവരിയോടെ സേനകളിലേക്കുള്ള മെയിൻ പരീക്ഷ നടത്താനാകുമെന്നാണ് പ്രതീക്ഷ. പ്രാഥമിക പരീക്ഷയുടെ ഫലം രണ്ടാഴ്‌ചക്കുള്ളിൽ പ്രസിദ്ധീകരിക്കും. അതിന് ശേഷം കായിക ക്ഷമത പരീക്ഷയടക്കം നടക്കണം. അടുത്ത വർഷം പകുതിയോടെ റാങ്ക് ലിസ്‌റ്റ്‌ പ്രസിദ്ധീകരിക്കാനാകുമെന്നാണ് പിഎസ്‌സിയുടെ വിലയിരുത്തൽ.

Also Read: സിഐയെ പ്രതിക്കൂട്ടിലാക്കി എഫ്ഐആർ; മോഫിയയോട് സുധീർ കയർത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE