ന്യൂഡെല്‍ഹി: മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനമാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. കാപ്പന്റെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു എന്നും സിദ്ദീഖ് കാപ്പന് സംരക്ഷണവും മികച്ച ചികിൽസയും ഉറപ്പാക്കണമെന്നും രാഹുല്‍ ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു. എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ പ്രസ്‌താവന പങ്കുവെച്ചുകൊണ്ട് ആയിരുന്നു രാഹുൽ ഗാന്ധിയുടെ പോസ്‌റ്റ്.
‘മാദ്ധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നത് വഴി ആര്‍എസ്എസും ബിജെപിയും അവരുടെ ഭീരുത്വം വെളിവാക്കുകയാണ്. കുറ്റങ്ങള്‍ അവസാനിപ്പിക്കൂ, റിപ്പോര്‍ട്ടിംഗല്ല,’ രാഹുല്‍ പറഞ്ഞു. ജയിലിൽ വച്ച് കോവിഡ് ബാധിച്ച കാപ്പന്‍ ഇപ്പോള്‍ ചികിൽസയിലാണ്. കാപ്പന് മികച്ച ചികിൽസ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.
ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനായി പുറപ്പെട്ട കാപ്പനെ രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് യോഗി ആദിത്യനാഥിന്റെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. 2020 ഒക്‌ടോബർ 5ന് ആയിരുന്നു അറസ്‌റ്റ്. ഹത്രസ് സംഭവത്തിന്റെ മറവില്‍ ജാതി കലാപം സൃഷ്‌ടിക്കാൻ ഗൂഢാലോചന നടത്തി എന്നാണ് സിദ്ദിഖ് കാപ്പന് എതിരെയുള്ള യുപി പോലീസിന്റെ ആരോപണം.
Read also: വോട്ടെണ്ണൽ; സമ്പൂര്‍ണ ലോക്ക്ഡൗണിന് തമിഴ്‌നാട് ഹൈക്കോടതി നിർദേശം