ഇനി ഇതും ദൈവത്തിന്റെ പ്രവൃത്തിയാണോ; ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തിൽ രാഹുല്‍ ഗാന്ധി

By Team Member, Malabar News
Malabarnews_rahul gandhi
രാഹുൽ ഗാന്ധി
Ajwa Travels

ന്യൂഡെല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തിൽ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി. ചൈന കൈയേറിയ പ്രദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എന്ന് തിരിച്ചുപിടിക്കുമെന്ന് രാഹുല്‍ ചോദിച്ചു. ‘ചൈനക്കാര്‍ നമ്മുടെ ഭൂമി കൈയേറിയിരിക്കുന്നു. അത് തിരിച്ചുപിടിക്കാന്‍ ഇന്ത്യാ സര്‍ക്കാര്‍ എപ്പോഴാണ് ശ്രമിക്കുക? അതോ ഇതും ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറഞ്ഞ് കൈയൊഴിയുമോ?’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

കോവിഡ് കാരണം സാമ്പത്തിക നില തകര്‍ന്നത് ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറഞ്ഞ ധനമന്ത്രി നിര്‍മലാ സീതാരാമനെ പരിഹസിച്ചാണ് രാഹുലിന്റെ പരാമര്‍ശം. അതിര്‍ത്തി പ്രശ്‌നത്തിൽ നേരത്തെയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ പ്രദേശങ്ങളില്‍ ചൈനീസ് അധിനിവേശം ഉണ്ടായിട്ടുണ്ട്. അത് മറച്ചുവെച്ച് വാര്‍ത്തകള്‍ സൃഷ്‌ടിക്കുന്നത്‌ ദേശദ്രോഹമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

‘ഇന്ത്യന്‍ പ്രദേശങ്ങളില്‍ ചൈനീസ് അധിനിവേശം ഉണ്ടായിട്ടുണ്ട്. നമ്മുടെ പ്രദേശങ്ങള്‍ അവര്‍ കൈവശം വച്ചിട്ടുണ്ട് . ഒരു രാഷ്ട്രീയനേതാവെന്ന നിലയില്‍ ഇക്കാര്യത്തില്‍ മിണ്ടാതിരിക്കാന്‍ എനിക്ക് കഴിയില്ല’- ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ അറിഞ്ഞ ശേഷമാണ് താന്‍ ഈ വിധത്തില്‍ പ്രതികരിക്കുന്നത് എന്ന് രാഹുല്‍ വ്യക്തമാക്കി.

‘സംഘര്‍ഷത്തിന് ശേഷമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ഞാന്‍ കണ്ടു. മുന്‍ പട്ടാള മേധാവികളോട് ഇതേപ്പറ്റി സംസാരിച്ചു. ചൈന ഇന്ത്യന്‍ പ്രദേശങ്ങള്‍ കൈയടക്കിയിട്ടില്ലെന്ന് ഞാന്‍ നുണപറയണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിലെ എന്റെ ഭാവി നശിച്ചാലും ശരി, ഞാന്‍ ഇക്കാര്യത്തില്‍ കള്ളം പറയില്ല. ഇന്ത്യയില്‍ ചൈനീസ് സാന്നിദ്ധ്യമില്ലെന്ന് നുണ പറയുന്നവര്‍ ശരിക്കും രാജ്യദ്രോഹികളാണ്. എന്റെ രാഷ്ട്രീയ ജീവിതത്തിന് എന്ത് സംഭവിച്ചാലും ഇന്ത്യയെ സംബന്ധിച്ചുള്ള കാര്യത്തില്‍ ഞാന്‍ നുണ പറയില്ല’- രാഹുല്‍ പറഞ്ഞു.

അതേസമയം വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ അതിര്‍ത്തിയിലെ പിരിമുറുക്കം ലഘൂകരിക്കാന്‍ അഞ്ച് കാര്യങ്ങളില്‍ ഇന്ത്യയും ചൈനയും സമവായത്തിലെത്തി. സൈനിക വിന്യാസം പിന്‍വലിക്കല്‍, അതിര്‍ത്തിയിലെ പിരിമുറുക്കം കുറയ്ക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് സമവായം.

ഇന്ത്യ-ചൈന ബന്ധം വികസിപ്പിക്കാനായി പൊതുവായി എടുത്ത തീരുമാനങ്ങളില്‍ നിന്ന് ഇരുപക്ഷവും മാര്‍ഗനിര്‍ദേശം സ്വീകരിക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ തര്‍ക്കങ്ങളാകാന്‍ അനുവദിക്കരുതെന്നും ഇരുമന്ത്രിമാരും സമ്മതിച്ചതായി കൂടിക്കാഴ്‌ചക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞു. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്. ചര്‍ച്ചകള്‍ രണ്ടര മണിക്കൂര്‍ നീണ്ടുനിന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE