പാലക്കാട്: സിപിഎം പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ പ്രതികരണവുമായി പാലക്കാട് യുഡിഎഫ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്നിറങ്ങിയ താൻ കയറിയത് ഷാഫി പറമ്പിലിന്റെ വാഹനത്തിൽ ആണെന്ന് രാഹുൽ പറഞ്ഞു.
തന്റെ വാഹനത്തിലാണ് സുഹൃത്ത് സഞ്ചരിച്ചത്. കുറച്ചു ദൂരം പോയ ശേഷം ഷാഫിയുടെ കാറിൽ നിന്നും തന്റെ വാഹനത്തിലേക്ക് കയറി. പ്രസ് ക്ളബിന്റെ മുന്നിൽ നിന്നാണ് തന്റെ വാഹനത്തിൽ കയറിയത്. അവിടുത്തെ സിസിടിവി ദൃശ്യം പരിശോധിച്ചാൽ ഇക്കാര്യം അറിയാമെന്നും രാഹുൽ വ്യക്‌തമാക്കി.
കെആർ ടവറിന്റെ മുന്നിൽ നിന്നും നീല പെട്ടിയും പഴ്‌സണൽ ബാഗും തന്റെ കാറിൽ നിന്നിറക്കി താൻ കോഴിക്കോടേക്ക് പോകാൻ ഉപയോഗിച്ച വാഹനത്തിലേക്ക് മാറ്റിയിരുന്നുവെന്നും രാഹുൽ പറഞ്ഞു. ചില കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നത് കൊണ്ടാണ് ഷാഫിക്കൊപ്പം കാറിൽ കയറിയത്.
സുഹൃത്ത് കൊണ്ടുവന്ന തന്റെ കാറിന് തകരാർ ഉണ്ടായതിനാൽ സർവീസിന് കൊടുക്കാൻ സുഹൃത്തിനെ ഏൽപ്പിച്ചു. പിന്നീട് മറ്റൊരു കാറിലാണ് താൻ കോഴിക്കോടേക്ക് പോയത്. ഷോറൂമിൽ അന്വേഷിച്ചാൽ ഇക്കാര്യം അറിയാം. 60,000 രൂപ ആകുമെന്ന് പറഞ്ഞതിനാൽ താൽക്കാലത്തേക്കുള്ള പണി മാത്രം നടത്തി തന്റെ കാർ ഷോറൂമിൽ നിന്നും ഇറക്കുകയായിരുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Most Read| പൊതുനൻമ ചൂണ്ടിക്കാട്ടി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുക്കാനാവില്ല; സുപ്രീം കോടതി