മണ്ണിനടിയിലും കാവലായ്; നാടിനൊപ്പം നൊമ്പരമായി നായയും

By Desk Reporter, Malabar News
Rajamala landslid_2020 Aug 10
Ajwa Travels

ഇടുക്കി: മൂന്നാർ രാജമലക്ക് സമീപം പെട്ടിമുടിയിൽ തോട്ടംതൊഴിലാളി ലയങ്ങൾക്ക് മേൽ ഉരുൾപൊട്ടിയുണ്ടായ അപകടം നടന്നിട്ട് 4 ദിവസം പിന്നിടുന്നു. ദുരന്തഭൂമിയിൽ എങ്ങും മണ്ണിനടിയിലായ ഉറ്റവരുടെ ജീവനും മരണപ്പെട്ടവരുടെ മൃതദേഹവും തേടുന്നവരുടെ ദൃശ്യങ്ങളാണ് കാണാൻ സാധിക്കുന്നത്. ഈ വിലാപങ്ങൾക്കും തേങ്ങലുകൾക്കുമിടയിൽ തന്റെ പ്രിയപ്പെട്ട യജമാനനെ തേടി നടക്കുന്ന ഒരു നായയുടെ കാഴ്ചകളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി  പെട്ടിമുടിയിലെ സംഭവങ്ങൾക്ക് മൂകസാക്ഷിയായി അകലങ്ങളിലേക്ക് കണ്ണും നട്ട്  ഈ മിണ്ടാപ്രാണിയുണ്ട്. തനിക്ക് അന്നം തന്ന കൈകളും സംരക്ഷണം നൽകിയ കൂരയും മണ്ണിനടിയിൽ എവിടെയോ  ഉണ്ടെന്ന പ്രതീക്ഷയിൽ ദുരന്തഭൂമി മുഴുവൻ തിരഞ്ഞു നടക്കുകയാണ് ഈ നായ. ഇടുക്കി ക്രൈം ബ്രാഞ്ചിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് ശങ്കർലാലാണ് കാഴ്ചക്കാരന്റെ മനസ്സലിയിക്കുന്ന ഈ ദൃശ്യം പകർത്തിയത്. പിന്നീട് ചിത്രം ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തു.

മണ്ണിനടിയിൽ പെട്ടവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നതിനിടെ അവിടെ നിന്ന് അല്പം മാറി കനത്ത മഴയിൽ ദുഃഖഭാവത്തോടെ ഇരിക്കുന്ന  നായയാണ് ചിത്രത്തിൽ ഉള്ളത്. മൂന്ന് ദിവസത്തെ ഡ്യൂട്ടിക്ക് ഇവിടെയെത്തിയ ശങ്കർലാൽ നായയുടെ അവസ്ഥ കണ്ട് ബിസ്കറ്റ് കൊടുത്തെങ്കിലും അത് കഴിക്കാൻ നായ കൂട്ടാക്കിയില്ല. പരിശോധന നടക്കുന്ന സ്ഥലത്തെത്തി മണത്തു നോക്കി പിന്നീട് എവിടെയെങ്കിലും മാറി കുറേ നേരം ഇരിക്കും. സംഭവസ്ഥലത്തെ ഒരാളോട് ചോദിച്ചപ്പോൾ നായയുടെ ഉടമസ്ഥനും ദുരന്തത്തിൽ മണ്ണിലടിയിലാണെന്ന് അറിയാൻ കഴിഞ്ഞു എന്ന് ശങ്കർലാൽ പറഞ്ഞു.

രക്ഷാപ്രവർത്തകരുടെ തിരച്ചിൽ അവസാനിച്ചാലും ഈ ജീവിക്ക് വിശ്രമമില്ല. പാറക്കല്ലുകൾക്കും ചതുപ്പിനുമിടയിലൂടെ തന്റെ പ്രിയപ്പെട്ടവരുടെ മണം തേടി തലങ്ങും വിലങ്ങും നടക്കുകയാണ്. ആരെങ്കിലും നൽകുന്ന ഭക്ഷണം കഴിക്കാൻ പോലും നായ കൂട്ടാക്കാറില്ല. ഇത്തരത്തിലുള്ള രണ്ട് നായകൾ കൂടി ഇവിടെയുണ്ട്. മൂന്നാർ മേഖലയിലെ ലയങ്ങളിൽ എല്ലാ വീട്ടിലും നായ്ക്കളെ വളർത്തുക പതിവാണ്. അതിനാൽ ഇവയുമായി അടുത്ത ബന്ധം അവർ കാത്ത് സൂക്ഷിച്ചിരുന്നു. സംഭവിച്ചതെന്താണെന്ന് അറിയാതെ ആ ബന്ധത്തിന് കാവലായി ഇന്നും തുടരുകയാണ് ഈ മൃഗങ്ങൾ. എല്ലാം ഒലിച്ചു പോയിട്ടും ബാക്കിയായ ഈ ജീവികൾ നൊമ്പര കാഴ്ചകളായി തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE