ജയ്‌പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്‌ഥാനിൽ വോട്ടെടുപ്പ് ഒരുമണിക്കൂർ പിന്നിട്ടു. 200 മണ്ഡലങ്ങളിൽ 199 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. കോൺഗ്രസ് സ്‌ഥാനാർഥി മരിച്ചതിനാൽ കരൺപൂർ മണ്ഡലത്തിൽ വോട്ടെടുപ്പ് പിന്നീട് നടത്തും. 1875 സ്‌ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്. അഞ്ചുകോടിയിലധികം വോട്ടർമാർക്കായി 51,756 പോളിങ് ബൂത്തുകളാണ് സജ്‌ജമാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി അശോക് ഗെലോട്ട് ജോധ്പൂരിലേ സർദാർ പുരയിലും, ബിജെപി നേതാവും മുൻ മന്ത്രിയുമായ വസുന്ധര രാജെ ഝൽറാ പതാനിലും വോട്ട് രേഖപ്പെടുത്തും. വിജയപ്രതീക്ഷ ആവർത്തിച്ച മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഭൂരിപക്ഷത്തിൽ കോൺഗ്രസിന് ഭരണത്തുടർച്ച ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. ആകെയുള്ള 200 മണ്ഡലങ്ങളിൽ കോൺഗ്രസ് 199ലും മൽസരിക്കുന്നുണ്ട്. സഖ്യകക്ഷിയായ രാഷ്‌ട്രീയ ലോക്‌ദളിന് നൽകി.
ബിജെപി 200 സീറ്റിലും മൽസര രംഗത്തുണ്ട്. കോൺഗ്രസ് സ്‌ഥാനാർഥിയും നിലവിലെ എംഎൽഎയുമായ ഗുർമീത് സിങ് കൂനറിന്റെ മരണത്തെ തുടർന്നാണ് ശ്രീഗംഗാനഗറിലെ കരൺപൂർ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. മൂന്ന് പതിറ്റാണ്ടിന്റെ ചരിത്രമെടുത്താൽ ഒരു പാർട്ടിക്കും രാജസ്‌ഥാൻ ഭരണത്തുടർച്ച അനുവദിച്ചിട്ടില്ല. ഭരണക്കാലയളവിൽ നടപ്പിലാക്കിയ ക്ഷേമ പദ്ധതികളും അതിന്റെ തുടർച്ചയെന്ന നിലയിൽ പ്രഖ്യാപിച്ച ഏഴ് ഗ്യാരന്റികളും മുൻനിർത്തിയാണ് കോൺഗ്രസ് പ്രചാരണം നടത്തിയത്.
അതേസമയം, സ്‌ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ രാജസ്‌ഥാനിൽ വർധിച്ചുവെന്നായിരുന്നു ബിജെപിയുടെ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്ന്. കോൺഗ്രസിനെയും ബിജെപിയെയും കൂടാതെ ബിഎസ്‌പി 185 സീറ്റുകളിലും മൽസരിക്കുന്നുണ്ട്. എഎപി 86, രാഷ്‌ട്രീയ ലോക്‌താന്ത്രിക് പാർട്ടി 78, ഭാരതീയ ട്രൈബൽ പാർട്ടി 71, സിപിഎം 17 എന്നീ സീറ്റുകളിലും മൽസരിക്കുന്നുണ്ട്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.
Most Read| വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ചോദ്യം ചെയ്യും