ജയ്‌പൂർ: സസ്‌പെൻസുകൾക്ക് ഒടുവിൽ വിരാമം. രാജസ്‌ഥാൻ മുഖ്യമന്ത്രിയായി പുതുമുഖത്തെ തന്നെ ഇറക്കിയിരിക്കുകയാണ് ബിജെപി. രാജസ്‌ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമയെയാണ് ബിജെപി തിരഞ്ഞെടുത്തത്. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ തഴഞ്ഞാണ് ഭജൻലാലിനെ തിരഞ്ഞെടുത്തത്. സാംഗനേറിൽ നിന്നുള്ള എൽഎൽഎയാണ് ഭജൻലാൽ ശർമ.
ബ്രാഹ്‌മണ വിഭാഗത്തിന് പരിഗണന നൽകിയാണ് ഭജൻലാലിനെ മുഖ്യമന്ത്രിയായി കേന്ദ്ര നേതൃത്വം നിയോഗിച്ചത്. ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറിയായ ഭജൻലാൽ ശർമ ഇതാദ്യമായാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഇതോടെ, നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ച മധ്യപ്രദേശ്, രാജസ്‌ഥാൻ, ഛത്തീസ്‌ഗഡ് സംസ്‌ഥാനങ്ങളിൽ പുതുമുഖങ്ങളാണ് മുഖ്യമന്ത്രിമാരാകുന്നത്.
മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് പരിഗണിച്ചിരുന്ന ദിവ്യ കുമാരി, പ്രേംചന്ദ് ഭൈരവ എന്നിവർ ഉപമുഖ്യമന്ത്രിമാരാകും. മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ വസുദേവ് ദേവ്‌നാനിയാകും സ്‌പീക്കർ. മുഖ്യമന്ത്രിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ ഇന്ന് ജയ്‌പൂർ നിയമസഭാ കക്ഷിയോഗം ചേർന്നിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം വന്നത്.
ബിജെപി സംസ്‌ഥാന ഓഫീസിൽ ചേർന്ന യോഗത്തിൽ നിരീക്ഷകനായ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, സഹ നിരീക്ഷകനായ സരോജ് പാണ്ഡെ, വിനോദ് തഖ്‌ഡെ എന്നിവർ പങ്കെടുത്തു. നിരീക്ഷകർ ഓരോ എംഎൽഎമാരുമായും ചർച്ച നടത്തിയതിന് ശേഷമാണ് മുഖ്യമന്ത്രിയായി ഭജൻലാൽ ശർമയിലേക്ക് എത്തിയത്. രാജസ്‌ഥാനിൽ 199 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 115 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലേറിയത്.
Sports | ‘അത്‌ലീറ്റ് ഓഫ് ദി ഇയർ’; നോഹ ലൈൽസും ഫെയ്‌ത് കിപ്യേഗനും മികച്ച അത്‌ലറ്റുകൾ