ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിന് പിന്നാലെ തെലങ്കാനയിൽ കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. കോൺഗ്രസ് വിജയത്തിന് ചുക്കാൻ പിടിച്ച എ രേവന്ത് റെഡ്‌ഡിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. സത്യപ്രതിജ്‌ഞ മറ്റന്നാൾ നടക്കും. തെലങ്കാനയിൽ എ രേവന്ത് റെഡ്‌ഡിയെ മുഖ്യമന്ത്രി ആക്കണമെന്ന് ഭൂരിപക്ഷം എംഎൽഎമാരും ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് മുന്നോടിയായി എംഎൽഎമാർ ഓരോരുത്തരുമായി കോൺഗ്രസ് ദേശീയ നേതൃത്വം നടത്തിയ കൂടിക്കാഴ്‌ചയിലാണ് രേവന്തിന് ഭൂരിപക്ഷം ലഭിച്ചത്. മുതിർന്ന നേതാക്കളായ മല്ലു ഭട്ടി വിക്രമാർക, ഉത്തംകുമാർ റെഡ്‌ഡി എന്നിവരുടെ പേരുകളും ഉയർന്നുവന്നിരുന്നു. തെലങ്കാനയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങ് തിങ്കളാഴ്‌ച ഉണ്ടായേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ, 64 എംഎൽഎമാരും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ സമവായത്തിൽ എത്താത്തതിനാൽ വൈകുകയായിരുന്നു. മുതിർന്ന നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നുവന്നതോടെയാണ് സത്യപ്രതിജ്‌ഞാ ചടങ്ങ് മാറ്റിവെച്ചത്. ഭട്ടി വിക്രമാർക, ഉത്തം കുമാർ റെഡ്‌ഡി, ശ്രീധർ ബാബു, കോമാട്ടി റെഡ്‌ഡി സഹോദരൻമാർ എന്നിവർ രേവന്ത് മുഖ്യമന്ത്രിയാകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചതായാണ് റിപ്പോർട്. ബിആർഎസിന്റെ മോഹങ്ങൾ തല്ലിക്കെടുത്തിയാണ് തെലങ്കാനയിൽ കോൺഗ്രസ് തേരോട്ടം നടത്തിയത്. 119 അംഗ നിയമസഭയിൽ 64 സീറ്റും നേടിയാണ് സംസ്‌ഥാനത്ത് അധികാരത്തിലേറുന്നത്.
Most Read| മാതൃയാനം പദ്ധതി; പ്രസവശേഷം അമ്മയും കുഞ്ഞും ഇനി സുരക്ഷിതമായി വീട്ടിലേക്ക്