ജയ്‌പൂർ: സസ്‌പെൻസുകൾക്ക് ഒടുവിൽ രാജസ്‌ഥാൻ മുഖ്യമന്ത്രിയെ ബിജെപി ഇന്ന് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ ഇന്ന് ജയ്‌പൂർ നിയമസഭാ കക്ഷിയോഗം ചേരും. ബിജെപി സംസ്‌ഥാന ഓഫീസിൽ ചേരുന്ന യോഗത്തിൽ നിരീക്ഷകനായ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, സഹ നിരീക്ഷകനായ സരോജ് പാണ്ഡെ, വിനോദ് തഖ്‌ഡെ എന്നിവരും പങ്കെടുക്കും.
ഛത്തീസ്‌ഗഡിലും മധ്യപ്രദേശിലും മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് പുതുമുഖങ്ങളെ നിയോഗിച്ച ബിജെപി, രാജസ്‌ഥാനിൽ വസുന്ധരയെ ഒഴിവാക്കി മറ്റാരെയെങ്കിലും പരീക്ഷിക്കുമോ എന്നാണ് രാഷ്‌ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്. രാജസ്‌ഥാനിൽ മുഖ്യമന്ത്രി ആരാകുമെന്ന സസ്‌പെൻസ് തുടരുന്നതിനിടെ, നിരവധി എംഎൽഎമാർ വസുന്ധര രാജയെ അവരുടെ വസതിയിലെത്തി സന്ദർശിച്ചിരുന്നു. വസുന്ധരക്കുള്ള പിന്തുണയായാണ് ഇതിനെ വിലയിരുത്തുന്നത്.
നിരീക്ഷകർ ഓരോ എംഎൽഎമാരുമായും ചർച്ച നടത്തും. ബിജെപി സംസ്‌ഥാന പ്രസിഡണ്ട് സിപി ജോഷി, ഇൻചാർജ് അരുൺ സിങ് എന്നിവരാണ് യോഗത്തിന്റെ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. യോഗത്തിന് ശേഷമാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. രാജസ്‌ഥാൻ മുൻ മുൻ മുഖ്യമന്ത്രി കൂടിയായ വസുന്ധര രാജെ, കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്‌വാൾ, ഗജേന്ദ്ര സിങ് ഷെഖാവത്ത്, അശ്വിനി വൈഷ്‌ണവ് എന്നിവരാണ് മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് പരിഗണനയിൽ ഉള്ളത്. രാജസ്‌ഥാനിൽ 199 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 115 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലേറിയത്.
Most Read| സ്‌ത്രീകളുടെ നഗ്‌നചിത്രങ്ങൾ ഉണ്ടാക്കാൻ എഐ ആപ്പുകൾ; ജനപ്രീതി കൂടുന്നതായി റിപ്പോർട്