പാരിസ്: 2023ലെ മികച്ച കായിക താരങ്ങൾക്ക് ലോക അത്ലറ്റിക് ഫെഡറേഷൻ നൽകുന്ന ‘അത്‌ലീറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ട്രാക്ക്, ഫീൽഡ്, ഔട്ട് ഓഫ് സ്‌റ്റേഡിയ വിഭാഗങ്ങളിലായി മൂന്ന് വനിതകളും മൂന്ന് പുരുഷൻമാരുമാണ് ജേതാക്കൾ. ഇന്ത്യയുടെ ജാവലിൻ താരം നീരജ് ചോപ്ര അന്തിമപട്ടികയിൽ ഉൾപ്പെട്ടെങ്കിലും വോട്ടെടുപ്പിന്റെ അടിസ്‌ഥാനത്തിൽ തിരഞ്ഞെടുത്ത വിജയികളുടെ കൂട്ടത്തിലില്ല.
അമേരിക്കയുടെ നോഹ ലൈൽസ് (100, 200 മീറ്റർ), സ്വീഡന്റെ മോൻഡോ ഡ്യുപ്ളാന്റിസ് (പോൾവോൾട്ട്), കെനിയയുടെ കെൽവിൻ കിപ്‌റ്റം (മാരത്തോൺ) എന്നിവരാണ് യഥാക്രമം ട്രാക്ക്, ഫീൽഡ്, ഔട്ട് ഓഫ് സ്‌റ്റേഡിയ വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട പുരുഷൻമാർ. കെനിയൻ ദീർഘദൂര താരം ഫെയ്‌ത് കിപ്യേഗൻ, വെനസ്വേലൻ ട്രിപ്പിൾ ജംപ് താരം യുളിമർ റോഹാസ്, എത്യോപ്യൻ മാരത്തൺ താരം ടിഗിസ്‌റ്റ് അസഫ എന്നിവരാണ് വനിതാ വിഭാഗങ്ങളിൽ പുരസ്‍കാരർഹരായത്.
ലോക അത്‌ലറ്റിക്‌സിൽ 100, 200 മീറ്ററുകളിൽ ചാമ്പ്യനായതും സ്വർണം നേടിയ യുഎസ് റിലേ ടീമിൽ അംഗമായതും ഉൾപ്പടെ മൂന്ന് സ്വർണനേട്ടം കൊയ്‌തതിന്റെ അടിസ്‌ഥാനത്തിലാണ് ലൈൽസിനെ പുരസ്‌കാരത്തിന് പരിഗണിച്ചത്. പോൾവാൾട്ടിൽ ഇൻഡോർ, ഔട്ട് ഡോർ മൽസരങ്ങളിൽ തന്റെ തന്നെ പേരിലുള്ള ലോകറെക്കോർഡ് മാറ്റിക്കുറിച്ചതാണ് ഡ്യുപ്ളാന്റിസിനെ പുരസ്‌കാര നേട്ടത്തിലേക്ക് നയിച്ചത്.
മധ്യ, ദീർഘദൂര ഓട്ടത്തിൽ മൂന്ന് ലോക റെക്കോർഡുകൾ സ്വന്തം പേരിൽ കുറിച്ചത് കിപ്യേഗന് നേട്ടമായി. ട്രിപ്പിൾ ജംപിൽ നാലാം തവണയും ലോക ചാമ്പ്യനായത് പരിഗണിച്ചാണ് റോസാസിന് അവാർഡ് നൽകിയത്. അഞ്ചുപേർ ഉൾപ്പെട്ട അന്തിമ പട്ടികയിൽ ഇന്ത്യയുടെ നീരാക്കി ചോപ്രയും ഉണ്ടായിരുന്നു. ലോക അത്ലറ്റിക്‌സിലും ഹാങ്ചൗ ഏഷ്യൻ ഗെയിംസിലും സ്വർണവും ഡയമണ്ട് ലീഗിൽ രണ്ടാം സ്‌ഥാനവും നേടിയത് പരിഗണിച്ചാണ് നീരജിന്റെ പുരുഷ വിഭാഗത്തിൽ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്‌തത്.
Most Read| മുടിക്ക് ഇത്രേം നീളമോ! ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി