തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റേതെന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ച കേസിൽ യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് മ്യൂസിയം സ്‌റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടു രാഹുലിന് നോട്ടീസ് നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് രാഹുൽ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.
കന്റോൺമെന്റ് അസി. കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യൽ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിൽ തെളിവ് ഇല്ലാത്തതിനാൽ സാക്ഷിയെന്ന നിലയിലാണ് പോലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. കേസിലെ പ്രതികൾ പിടിയിലാകുമ്പോൾ സഞ്ചരിച്ചിരുന്നത് രാഹുൽ മാങ്കൂട്ടത്തലിന്റെ കാറിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അതിനിടെ, പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡണ്ട് എംജെ രഞ്‌ജുവിനേയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ടു നാല് പേരാണ് അറസ്‌റ്റിലായത്. ഇവർക്ക് പിന്നീട് സിജെഎം കോടതി ജാമ്യം അനുവദിച്ചിരുന്നു. അഭി വിക്രം, ഫെനി നൈനാൻ, ബിനിൽ ബിനു, വികാസ് കൃഷ്‌ണൻ എന്നിവരാണ് അറസ്‌റ്റിലായത്. കേസിൽ 24 വ്യാജ കാർഡുകൾ പോലീസ് കണ്ടെടുത്തിരുന്നു. അഭി വിക്രമിന്റെ ഫോൺ, ബിനിലിന്റെ ലാപ്ടോപ്പ് എന്നിവയിൽ നിന്ന് ലഭിച്ച കാർഡുകൾ തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ടു പരിശോധിച്ചതിന് ശേഷം വ്യാജമാണെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. കാർഡിലെ ഫോട്ടോകളും നമ്പറും മേൽവിലാസവുമെല്ലാം വ്യാജമാണ്. അറസ്‌റ്റിലായ നാല് പേരും രാഹുലിന്റെ അനുയായികളാണ്.
സംസ്‌ഥാന വ്യാപകമായി തട്ടിപ്പ് നടന്നുവെന്നാണ് നിലവിൽ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വിവിധ ജില്ലകളിൽ പ്രാദേശികമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. യൂത്ത് കോൺഗ്രസിലെ ഒരു ഗ്രൂപ്പിന് വേണ്ടി സംസ്‌ഥാന വ്യാപകമായി തന്നെ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. അടൂരും പന്തളവും കേന്ദ്രീകരിച്ചു പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന തുടരുകയാണ്.
അതേസമയം, യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചിട്ടുണ്ടെന്ന് പോലീസ് തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട് നൽകി. വിവിധ സ്‌ഥലങ്ങളിൽ പല രൂപത്തിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. അതിനാൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കമ്മീഷനെ അറിയിച്ചു. നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകിയ സിജെഎം കോടതി വിധിക്കെതിരെ അപ്പീൽ നൽകാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് തീരുമാനം. ഇന്ന് ജില്ലാ കോടതിയിൽ അപ്പീൽ നൽകും.
Most Read| 49 ദിവസത്തിനൊടുവിൽ മോചനം; 25 ബന്ദികളെ വിട്ടയച്ചു ഹമാസ്