ഗാസ: 49 ദിവസത്തെ യാതനകൾക്കൊടുവിൽ 13 ഇസ്രയേലി പൗരൻമാർക്ക് ഹമാസിൽ നിന്ന് മോചനം. ഖത്തറിന്റെ മധ്യസ്‌ഥതയിലുണ്ടായ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി പൗരൻമാരെ കൈമാറിയത്. ഇവർക്കൊപ്പം, തായ്‌ലൻഡിൽ നിന്നുള്ള 12 പേരെയും ഹമാസ് മോചിപ്പിച്ചിട്ടുണ്ട്. തായ്‌ലൻഡിൽ നിന്നുള്ളവരെ മോചിപ്പിക്കുന്നത് കരാറിന്റെ ഭാഗമായല്ല.
റഫ അതിർത്തിയിൽ ബന്ദികളെ റെഡ് ക്രോസ് തങ്ങൾക്ക് കൈമാറിയതായി ഈജിപ്‌ത് അറിയിച്ചു. ഇവരെ ഇസ്രയേലി അധികൃതർ ആറിഷ് വിമാനത്താവളത്തിൽ എത്തിച്ച ശേഷം ഇസ്രയേൽ വിമാത്താവളത്തിലേക്ക് കൊണ്ടുപോകും. ബന്ദികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ ഇസ്രയേൽ പ്രതിരോധ സേന നേരത്തെ പൂർത്തിയാക്കിയിരുന്നു. സേനയുടെ ഹെലികോപ്‌റ്റർ ഇവരെ സ്വീകരിക്കാനായി ഗാസക്ക് സമീപത്തുള്ള ഈജിപ്‌ഷ്യൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
ബന്ദികളെ അവരുടെ ബന്ധുക്കൾക്ക് കൈമാറും മുൻപ് വൈദ്യ സഹായം നൽകുമെന്ന് ഐഡിഎഫ് വ്യക്‌തമാക്കി. വ്യോമതാവളത്തിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ബന്ദികളെ ഇസ്രയേലിലെ ആശുപത്രിയിലേക്കാവും എത്തിക്കുക. ബന്ദികളുടെ ബന്ധുക്കൾ ഇസ്രയേലിലെ ആശുപത്രികൾക്ക് മുന്നിൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മടങ്ങി വരവിനായി ഒത്തുകൂടിയതായാണ് റിപ്പോർട്.
ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തിന് പിന്നാലെ 200ഓളം പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇതിൽ സ്‌ത്രീകളേയും കുട്ടികളേയുമാണ് ഇന്ന് വിട്ടയച്ചത്. അതേസമയം, ഇസ്രയേലി ജയിലുകളിലുള്ള 39 പലസ്‌തീനിയൻ തടവുകാരെയും ഇന്ന് ഹമാസിന് കൈമാറും.
Most Read| മുൻ നാവിക ഉദ്യോഗസ്‌ഥർക്ക് വധശിക്ഷ; ഇന്ത്യയുടെ അപ്പീൽ സ്വീകരിച്ചു ഖത്തർ