ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ചു ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥർക്ക് ഖത്തറിൽ വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നൽകിയ അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു. ഈ മാസം ഒമ്പതിനാണ് കേന്ദ്ര സർക്കാർ അപ്പീൽ ഫയൽ ചെയ്‌തത്. അപ്പീൽ പഠിക്കുകയാണെന്നും ഉടൻ പരിഗണിക്കുമെന്നും ഖത്തർ കോടതിയിൽ നിന്ന് വിവരം ലഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
ദോഹയിലെ അൽ ദഹ്റ ഗ്ളോബൽ ടെക്‌നോളജീസ് കമ്പനി ഉദ്യോഗസ്‌ഥരായ എട്ടു പേർക്കാണ് ഖത്തറിൽ വധശിക്ഷ വിധിച്ചത്. ഇതിൽ ഒരാൾ മലയാളിയാണ്. മുൻ ഉന്നത നാവിക ഉദ്യോഗസ്‌ഥരാണ് ഇവർ. ഒരു വർഷമായി ഇവർ തടവിലാണ്. കഴിഞ്ഞ വർഷം ഓഗസ്‌റ്റ് 30ന് അർധരാത്രിയിലാണ് ഖത്തർ സുരക്ഷാസേന ഒരു മലയാളിയടക്കം എട്ടുപേരെ അറസ്‌റ്റ് ചെയ്‌തത്. ഒക്‌ടോബർ മൂന്നിന് ഇന്ത്യയുടെ കോൺസൽ അധികൃതരുടെ സന്ദർശനത്തിന് ശേഷമാണ് എട്ടുപേരും ഏകാന്ത തടവിലാണെന്ന വിവരം പുറത്തുവന്നത്.
തിരുവനന്തപുരം സ്വദേശിയെന്ന് കരുതുന്ന രാഗേഷ് ഗോപകുമാർ, പൂർണേന്ദു തിവാരി, നവതേജ് സിങ് ഗിൽ, ബീരേന്ദ്ര കുമാർ വർമ, സൗരഭ് വസിഷ്‌ട്, അമിത് നാഗ്‌പാൽ, സുഗുനകർ പകാല, സഞ്‌ജീവ് ഗുപ്‌ത എന്നിവർക്കാണ് കോർട്ട് ഓഫ് ഫസ്‌റ്റ് ഇൻസ്‌റ്റൻസ് വധശിക്ഷ വിധിച്ചത്. ഖത്തർ നാവികസേനയ്‌ക്ക് ഇറ്റാലിയൻ കമ്പനി ഫിൻസാന്റിയറി നിർമിക്കുന്ന അന്തർവാഹിനി സംബന്ധിച്ച വിവരങ്ങൾ ഇസ്രയേലിന് ചോർത്തി കൊടുത്തുവെന്നാണ് ഇവർക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റം.
Most Read| യുദ്ധത്തിന് ഇന്ന് മുതൽ താൽക്കാലിക വിരാമം; വൈകിട്ട് നാലിന് ബന്ദികളെ കൈമാറും