ബട്ലറുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ രാജസ്‌ഥാന് തകര്‍പ്പന്‍ ജയം

By Sports Desk , Malabar News
Ajwa Travels

അബുദാബി: 48 പന്തില്‍ 70 റണ്‍സ് നേടി പുറത്താകാതെ നിന്ന ജോസ് ബട്ലറുടെ ബാറ്റിംഗ് മികവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്‌ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 126 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ രാജസ്‌ഥാന്‍ 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം നേടി. പുറത്താകാതെ 26 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സ്‌മിത്ത്‌ ബട്ലര്‍ക്ക് മികച്ച പിന്തുണ നല്‍കി. ആദ്യ മൂന്ന് വിക്കറ്റ് വേഗത്തില്‍ നഷ്‌ടമായ രാജസ്‌ഥാനെ ബട്ലര്‍- സ്‌മിത്ത്‌ സഖ്യമാണ് രക്ഷിച്ചത്.

‍ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈക്ക് ആഗ്രഹിച്ച തുടക്കമല്ല ലഭിച്ചത്. അടിച്ച് കളിക്കാന്‍ ഇറങ്ങിയ സാം കറനെ വരിഞ്ഞുകെട്ടിയ ബൗളിംഗാണ് ആദ്യ ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ കാഴ്‌ച വെച്ചത്. ആര്‍ച്ചര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ കവറിലൂടെ ഉയര്‍ത്തിയടിച്ച ഡുപ്ളസിയെ (10) പറന്നുയര്‍ന്ന ജോസ് ബട്ലര്‍ കയ്യില്‍ ഒതുക്കിയതോടെ ചെന്നെയുടെ ബാറ്റിംഗ് തകര്‍ച്ച ആരംഭിക്കുക ആയിരുന്നു.

വണ്‍ ഡൗണായി ഇറങ്ങിയ ഷെയ്ന്‍ വാട്സന്‍ നേരിട്ട ആദ്യ രണ്ട് പന്തിലും ബൗണ്ടറി നേടിയാണ് തുടങ്ങിയത്. എന്നാല്‍ ത്യാഗിയുടെ മൂന്നാം പന്തിലും ബൗണ്ടറിക്ക് ശ്രമിച്ച വാട്സന്റെ (8) ഇന്നിംഗ്സ് രാഹുല്‍ തെവാട്ടിയുടെ കയ്യില്‍ അവസാനിച്ചു.

മികച്ച ഫോമിലാണെന്ന് തോന്നിച്ച അംബാട്ടി റായിഡു തെവാട്ടിയയെ സ്‌ക്വയർ ലെഗിലേക്ക് സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ച് വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് അനായാസ ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ 19 പന്തില്‍ നിന്ന് 2 ബൗണ്ടറി ഉള്‍പ്പെടെ 13 റണ്‍സായിരുന്നു സമ്പാദ്യം. നിലയുറപ്പിച്ച് വരികയായിരുന്ന സാം കറന്‍ ഗോപാലിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച് ജോസ് ബട്ലര്‍ക്ക് ബൗണ്ടറിയില്‍ ക്യാച്ച് നല്‍കി മടങ്ങിയതോടെ എട്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ധോണിക്ക് കളത്തിലിറങ്ങേണ്ടി വന്നു.

ധോണിക്ക് കൂട്ടായി ഓള്‍ റൗണ്ടര്‍‍ രവീന്ദ്ര ജഡേജ എത്തിയതോടെ അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങി. സിംഗിളുകളും വിക്കറ്റിന് ഇടയിലൂടെയുള്ള അതിവേഗ ഓട്ടത്തിലൂടെ ഡബിളുകളും കണ്ടെത്തിയ സഖ്യം പതിയെ സ്‌കോർ ഉയര്‍ത്തി. കൂറ്റനടികള്‍ക്ക് ശ്രമിക്കാതെ സുരക്ഷിതമായി ഇരുവരും കളിച്ചതോടെ പതിനേഴാം ഓവറിലെ അവസാന പന്തിലാണ് ചെന്നൈ സ്‌കോർ 100 കടന്നത്. ജോഫ്ര ആര്‍ച്ചറുടെ ഫീല്‍ഡിംഗ് പിഴവ് മുതലാക്കി ഒരു റണ്ണിനെ രണ്ട് റണ്ണാക്കി മാറ്റാനുള്ള ശ്രമത്തിനിടെ പതിനെട്ടാം ഓവറില്‍ ധോണി (28) റണ്‍ ഔട്ടായി.

മെല്ലെ പോക്കിന്‍റെ പേരില്‍ ഇടക്ക് പുറത്തിരുന്ന കേദാര്‍ ജാദവിന് ഇത്തവണയും കാര്യമായ പുരോഗതി ഉണ്ടായില്ല. ജോഫ്ര ആര്‍ച്ചര്‍ അനായാസ ക്യാച്ച് വിട്ട് കളഞ്ഞ് ‘സഹായിച്ചെങ്കിലും’ ഏഴ് പന്തില്‍ നിന്ന് നാല് റണ്‍സ് മാത്രമാണ് ജാദവിന് നേടാനായത്. 30 ബോളില്‍ പുറത്താകാതെ 35 റണ്‍സ് നേടിയ ജഡേജയുടെ പോരാട്ടത്തിലാണ് ചെന്നൈക്ക് 125 റണ്‍സ് നേടാനായത്.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്‌ഥാന്റെ തുടക്കവും തകര്‍ച്ചയോടെ ആയിരുന്നു. ആദ്യ ഓവറില്‍ ചഹാറിനെതിരെ രണ്ട് ബൗണ്ടറി നേടി പ്രതീക്ഷ നല്‍കിയ ബെൻ സ്‌റ്റോക്‌സിനെ മൂന്നാം ഓവറില്‍ ചഹാര്‍ തന്നെ പുറത്താക്കി. പ്ളെയ്‌ഡ് ഓണ്‍ ആയി പുറത്താകുമ്പോള്‍ 11 പന്തില്‍ 19 റണ്‍സ് ആയിരുന്നു സ്‌റ്റോക്‌സിന്റെ സമ്പാദ്യം. പുറകെ 9 പന്തില്‍ 4 റണ്‍സെടുത്ത സഹ ഓപ്പണര്‍ റോബിന് ഉത്തപ്പയും പുറത്തായി. ഹേസല്‍വു‍ഡിനെ തേഡ് മാനിലേക്ക് സ്‌കൂപ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ധോണിക്ക് അനാസായ ക്യാച്ച് നല്‍കിയാണ് ഉത്തപ്പ മടങ്ങിയത്.

ഏറെ പ്രതീക്ഷ ഉണര്‍ത്തി ക്രീസിലെത്തിയ സഞ്ജു സാംസണാകട്ടെ അക്കൗണ്ട് തുറക്കാനാകാതെ മടങ്ങി. ദീപക് ചഹാറിനെ തേഡ് മാന്‍ ബൗണ്ടറിയിലേക്ക് തിരിച്ചു വിടാനുള്ള സഞ്ജുവിന്റെ ശ്രമം ഇടത്തേക്ക് മുഴുനീള ‍ഡൈവ് ചെയ്‌ത ധോണിയുടെ കൈയില്‍ ഒതുങ്ങി. ക്യാപ്റ്റന്‍ സ്‌മിത്ത്-ജോസ് ബട്ലര്‍ സഖ്യം ഒത്തുചേര്‍ന്നതോടെ സ്‌കോർ മന്ദഗതിയില്‍ ആയെങ്കിലും കൂടുതല്‍ വിക്കറ്റ് നഷ്‌ടം ഉണ്ടാകാതെ കൊണ്ടുപോകാന്‍ കഴിഞ്ഞു. സ്‌മിത്ത് പ്രതിരോധിച്ച് കളിച്ചപ്പോള്‍ ഇടക്ക് ബൗണ്ടറികള്‍ നേടി ബട്ലര്‍ സ്‌കോർ ഉയര്‍ത്തിയതോടെ രാജസ്‌ഥാന് വിജയ പ്രതീക്ഷ നില നിര്‍ത്താന്‍ കഴിഞ്ഞു.

Read Also: മുത്തയ്യ ആവശ്യപ്പെട്ടു; വിജയ് സേതുപതി ‘800’ല്‍ നിന്ന് പിൻമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE