കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ആരോപണ വിധേയനായ മുൻ സീനിയർ ഗവ. പ്‌ളീഡർ പിജി മനുവിന് കീഴടങ്ങാൻ പത്ത് ദിവസത്തെ സമയം അനുവദിച്ചു ഹൈക്കോടതി. സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കേസ് ലിസ്‌റ്റ് ചെയ്യാത്തതിനാൽ കീഴടങ്ങാൻ കൂടുതൽ സമയം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഉപഹരജിയിലാണ് കോടതി ഉത്തരവ്.
പിജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ജസ്‌റ്റിസ് ഗോപിനാഥ് നേരത്തെ തള്ളിയിരുന്നു. പെൺകുട്ടിയെ പരിശോധിച്ച ഡോക്‌ടറുടെ റിപ്പോർട് പരിശോധിച്ച കോടതി പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഇതിന് പിന്നാലെ പ്രതി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കൂടുതൽ രേഖകൾ ഹാജരാക്കേണ്ടതിനാൽ കേസ് ഇതുവരെയും ലിസ്‌റ്റ് ചെയ്‌തിട്ടില്ല.
ഇതോടെയാണ് ഒളിവിൽ തുടരുന്ന പിജി മനു ഉപഹരജിയുമായി ഹൈക്കോടതി ബെഞ്ചിനെ സമീപിച്ചത്. തുടർന്നാണ് കീഴടങ്ങാൻ പത്ത് ദിവസത്തെ സമയം കോടതി അനുവദിച്ചത്. അതേസമയം, പിജി മനുവിനെ അന്വേഷിച്ചെത്തിയ പോലീസ് സഹോദരങ്ങളെ ഉപദ്രവിച്ചതായി ആരോപിച്ചു മറ്റൊരു ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
2018ൽ നടന്ന കേസുമായി ബന്ധപ്പെട്ടാണ് പരാതിക്കാരിയും കുടുംബവും കഴിഞ്ഞ ഒക്‌ടോബറിൽ അഭിഭാഷകനെ കാണാനെത്തിയത്. പിന്നീട് പലപ്പോഴും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലും പെൺകുട്ടിയുടെ വീട്ടിലുമെത്തി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. അനുവാദമില്ലാതെ പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ എടുത്തതിനും ഫോണിലേക്ക് അശ്‌ളീല സന്ദേശം അയച്ചതിനും ഐടി ആക്‌ട് അടക്കം ചുമത്തിയാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
മനു പെൺകുട്ടിക്ക് അയച്ച വീഡിയോകളും സ്വകാര്യ സന്ദേശങ്ങളും പോലീസ് തെളിവായി രേഖപ്പെടുത്തിയിട്ടുണ്ട്. റൂറൽ എസ്‌പിക്ക് ലഭിച്ച പരാതിയിലാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തി തെളിവുകൾ ശേഖരിച്ച ശേഷം ചോറ്റാനിക്കര പോലീസ് മനുവിനെതിരെ കേസെടുത്തത്. കേസ് രജിസ്‌റ്റർ ചെയ്‌തതിനെ തുടർന്ന് മനു ഹൈക്കോടതി സീനിയർ ഗവ. പ്‌ളീഡർ സ്‌ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു.
Most Read| വൈഎസ് ശർമിള കോൺഗ്രസിൽ ചേർന്നു; സ്വീകരിച്ച് രാഹുലും ഖർഗെയും