റാസൽഖൈമ: ജബൽജെയ്‌സിൽ അവധി ആഘോഷിച്ചു മടങ്ങവേ കാറിന്റെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ മരിച്ച നഴ്‌സ് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ കൂവപ്പടി തോട്ടുവ ഇടശേരി ചേരാനല്ലൂർ ടിന്റു പോളിന്റെ(36) മൃതദേഹം നാട്ടിലെത്തിച്ച് ഇന്നലെ സംസ്‌കരിച്ചു.
23 ദിവസങ്ങൾ മുൻപ് മെയ് 4നായിരുന്നു അപകടം. കാറിൽ ഭർത്താവ് കൃപാശങ്കർ, മക്കളായ കൃതിൻ, ആദിൻ, ഭർതൃ മാതാവ് എന്നിവരും ഉണ്ടായിരുന്നു. പരിക്കേറ്റിരുന്ന ഇവർ മതിയായ ചികിൽസക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. അൽ ഹമ്രയിൽ റാക് ഹോസ്‌പിറ്റലിലെ ക്ളിനിക്കൽ നഴ്‌സായിരുന്നു ടിന്റു. ഈദ് അവധി ജബൽജെയ്‌സിൽ കുടുംബത്തിനൊപ്പം ആഘോഷിച്ചു മടങ്ങുമ്പോഴായിരുന്നു അപകടം.
അപകടസമയത്ത് വാഹനമോടിച്ച കൃപാശങ്കർ കേസിൽ പ്രതിയായിരുന്നു. ഭർത്താവ് കേസിൽ പെട്ടതിനാൽ ടിന്റുവിന്റെ ബോഡി നാട്ടിലെത്തിക്കാൻ നിയമ തടസങ്ങളുണ്ടായിരുന്നു. തുടർന്ന്, യുഎഇയിലെ യാബ് ലീഗൽ സർവീസിന്റെ സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി, റാസൽ ഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് എസ്എ സലിം ഉൾപ്പടെയുള്ള സാമൂഹിക പ്രവർത്തകർ രംഗത്ത് വന്നു.
ഇവരുടെ ഇടപെടലിലൂടെ നിയമ പ്രശ്‌നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുകയും ടിന്റുവിന്റെ മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കുകയും ആയിരുന്നു. സാമൂഹ്യ പ്രവർത്തകരായ ശ്രീധരൻ പ്രസാദ്, പുഷ്‌പൻ ഗോവിന്ദൻ, നിഹാസ് ഹാഷിം, എകെ സേതുനാഥ്, റാസൽഖൈമ ആശുപത്രി ജീവനക്കാരായ ഡോ. സുദീപ് തോമസ്, അസ്‌മ മൻസൂർ, വിഷ്‌ണു, ജിതിൻ എബ്രഹാം, ബിജു, ബേസിൽ, സോനു എന്നിവരും നിയമ നടപടികളിലും മറ്റും നിർലോഭ സഹായങ്ങളുമായി കൂടെ നിന്നതായി സലാം പാപ്പിനിശ്ശേരി പറഞ്ഞു.

അപകടത്തിൽ തലക്ക് സാരമായി പരിക്കേറ്റ ടിന്റുവിനെ സഖർ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട്, റാക് ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്‌തിരുന്നു. എന്നാൽ രക്ഷപ്പെടുത്താൻ സാധിച്ചില്ല. സംസ്‌കാരം ഇന്നലെ രാവിലെ ഒൻപതിന് ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളിയിൽ നടന്നു.
Most Read: നടൻ ധർമജന്റെ ഫിഷ് ഹബ്ബിൽ പരിശോധന; പിടിച്ചെടുത്തത് 200 കിലോ പഴകിയ മീൻ