ന്യൂഡെൽഹി: പ്രവാചകനെതിരായ ബിജെപി നേതാവ് നൂപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തില്‍ അനുനയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ പ്രതിഷേധമറിയിച്ച രാജ്യങ്ങളുമായി കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചര്‍ച്ച നടത്തും. ഇന്ത്യയുടെ നിലപാടില്‍ കൂടുതല്‍ വ്യക്‌തത വരുത്താനാണ് വിദേശകാര്യ മന്ത്രി നേരിട്ടിടപെടുന്നത്. വ്യക്‌തികള്‍ നടത്തിയ പ്രസ്‌താവനയുടെ ബാധ്യത രാജ്യത്തിനില്ലെന്നാണ് ഇന്ത്യ നിലപാട് അറിയിച്ചിട്ടുള്ളത്.
അതേസമയം നൂപുര്‍ ശര്‍മയുടെ പരാമര്‍ശത്തെ അപലപിച്ച് യുഎഇയും രംഗത്തെത്തി. നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ ധാര്‍മിക, മാനുഷിക മൂല്യങ്ങള്‍ക്കെതിരായ പെരുമാറ്റത്തെ നിരാകരിക്കുന്നുവെന്ന് യുഎഇ പ്രസ്‌താവിച്ചു. മതചിഹ്‌നങ്ങള്‍ ബഹുമാനിക്കപ്പെടുകയും ആക്രമിക്കപ്പെടാതിരിക്കുകയും വേണം. വിദ്വേഷ പ്രസംഗവും ആക്രമണങ്ങളും തടയണമെന്നും യുഎഇ വിദേശകാര്യമന്ത്രാലയം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
സഹിഷ്‌ണുതയും സഹവര്‍ത്തിത്തവും പ്രോൽസാഹിപ്പിക്കുന്നതിന് രാജ്യങ്ങള്‍ക്കുള്ള ഉത്തരവാദിത്വം ശക്‌തിപ്പെടേണ്ടതുണ്ടെന്നും യുഎഇ ഓര്‍മിപ്പിച്ചു. നേരത്തെ ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളും, വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
വിവാദ പരാമര്‍ശത്തിന് പിന്നാലെ നൂപൂറിനെ ബിജെപി ഔദ്യോഗിക സ്‌ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ മതവികാരം വ്രണപ്പെട്ടതിനാല്‍ പ്രസ്‌താവന പിന്‍വലിക്കുകയാണെന്ന് നൂപുര്‍ അറിയിക്കുകയും ചെയ്‌തു.
Read Also: സിൽവർ ലൈൻ; വീണ്ടും കേന്ദ്രാനുമതി തേടി സംസ്‌ഥാന സർക്കാർ