കോഴിക്കോട്: പ്രശസ്‌ത മാപ്പിളപ്പാട്ട് കലാകാരി റംല ബീഗം(77) അന്തരിച്ചു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിൽ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. മാപ്പിളപ്പാട്ട് ഗായികയായും കഥാപ്രാസംഗികയെന്ന പേരിലും പ്രശസ്‌തയായിരുന്നു. മതവിലക്കുകളെ മറികടന്നു പൊതു വേദികളിൽ പരിപാടികൾ അവതരിപ്പിച്ച ആദ്യ മുസ്‌ലിം വനിതയായിരുന്നു റംല ബീഗം.
ആലപ്പുഴ സ്വദേശിയാണ്. ആലപ്പുഴ സക്കറിയ ബസാറിൽ ഹുസൈൻ യൂസഫ് യമാന- മറിയം ബീവി ദമ്പതികളുടെ ഇളയമകളായി 1946ൽ ജനിച്ച റംല, കുട്ടിക്കാലം മുതലേ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പിൽ ഹിന്ദി ഗാനങ്ങൾ ആലപിച്ചിരുന്നു. 18ആം വയസിൽ ട്രൂപ്പിലെ പി അബ്‌ദുസലാം മാഷിനെ വിവാഹം ചെയ്‌തു. തുടർന്ന് കഥാപ്രസംഗങ്ങൾ കീഴടക്കി. 20 ഇസ്‌ലാമിക കഥകൾക്ക് പുറമെ കേശവദേവിന്റെ ഓടയിൽ നിന്ന്, കാളിദാസന്റെ ശാകുന്തളം, കുമാരനാശാന്റെ നളിനി എന്നീ കഥകളും കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിച്ചു കൈയ്യടി നേടി.
അറബി മലയാളത്തിൽ എഴുതപ്പെട്ട ആദ്യ പ്രണയകാവ്യമായ ഹുസ്‌നുൽ ബദ്‌റൂൽ മുനീർ എന്ന കഥാപ്രസംഗം അവതരിപ്പിച്ചതോടെ ഏറെ പ്രശസ്‌തയായി. പതിനായിരത്തിൽപ്പരം വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചു റെക്കോർഡ് നേടി. 35ൽ പരം ഗ്രാമഫോൺ റിക്കാർഡുകളിലും 500ൽ പരം കാസറ്റുകളിലും പാടിയ റംല ബീഗം, 300ൽ പരം അംഗീകാരങ്ങളും അവാർഡുകളും ഏറ്റവാങ്ങിയിട്ടുണ്ട്.
സംഗീതനാടക അക്കാദമി അവാർഡ്, കേരള മാപ്പിളകലാ അക്കാദമി അവാർഡ്, മഹാകവി മോയിൻകുട്ടി വൈദ്യർ സ്‌മാരക അവാർഡ്, ഫോക്‌ലോർ അക്കാദമി അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടി. 1986ൽ ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രണ്ടു വർഷക്കാലം കലാലോകത്തു നിന്നും റംല ബീഗം വിട്ടുനിന്നു. എന്നാൽ, കലാസ്‌നേഹികളുടെ നിർബന്ധപ്രകാരം വീണ്ടും കലയിലേക്കിറങ്ങി. കൊവിഡിന് മുൻപ് വരെ പൊതുവേദികളിൽ സജീവമായിരുന്നു റംല. കൊവിഡ് ബാധിച്ച ശേഷം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം ചികിത്സയിൽസയിലായിരുന്നു. മൃതദേഹം നാളെ ഖബറടക്കും.
Most Read| ഏഷ്യൻ ഗെയിംസ്; ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു- ഷൂട്ടിങ്ങിൽ സ്വർണം