കണ്ണൂർ: കോർപറേഷൻ ഓഫിസ് മേൽക്കൂരയിലെ കോൺക്രീറ്റ് ഇളകിവീണ് ഗവേഷകന് പരിക്ക്. കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാലയിൽ പോസ്‌റ്റ് ഡോക്‌ടറൽ ഫെലോ ആയ തൃശൂർ അയ്യന്തോളിലെ ഡോ. ആന്റണിക്കാണ് (42) പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ തലയ്‌ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്‌ക്ക് 12.15ന് ആണ് സംഭവം.
സുഹൃത്തായ ഷനോജിനൊപ്പമാണ് ആന്റണി കണ്ണൂർ കോർപറേഷൻ ഓഫിസിൽ എത്തിയത്. ഒന്നാം നിലയിലെ വരാന്തയിൽ കോർപറേഷൻ ഉദ്യോഗസ്‌ഥരെ കാത്തിരിക്കുന്ന സമയത്താണ് ഒരുമീറ്ററോളം നീളമുള്ള കോൺക്രീറ്റ് പാളി അടർന്ന് ആന്റണിയുടെ തലയിൽ വീണത്. ഉദോഗസ്‌ഥരും ഷനോജും ചേർന്ന് ആന്റണിയെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സംഭവം നടക്കുന്നതിന്റെ 20 മിനിറ്റ് മുമ്പാണ് ആന്റണിയും ഷനോജും കോർപറേഷൻ ഓഫിസിൽ എത്തിയത്. തൊട്ടുമുമ്പ് കൗൺസിൽ യോഗം നടന്നതിന്റെ തിരക്കിലായിരുന്നു ഉദ്യോഗസ്‌ഥർ. ബാഗ് നിലത്തുവെച്ച് വരാന്തയിലെ കസേരയിൽ ആന്റണി ഇരുന്നതും പാളിവീണതും ഒരുമിച്ചായിരുന്നു. തൊട്ടടുത്ത് നിൽക്കുകയായിരുന്ന ഷനോജ് കഷ്‌ടിച്ച് രക്ഷപെടുകയായിരുന്നു. ആന്റണിയുടെ തലക്ക് എട്ട് തുന്നുണ്ട്.
Most Read: അതിർത്തികളിൽ പരിശോധന ശക്‌തം; ആർടിപിസിആർ സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ തിരിച്ചയക്കുന്നു