കെആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ടിൽ കൂട്ടരാജി; ഡീൻ ഉൾപ്പടെ 8 പേർ പുറത്തേക്ക്

അധ്യാപകർക്ക് ഗുണനിലവാരം ഇല്ലെന്ന വിദ്യാർഥികളുടെ പരാതി അംഗീകരിക്കാൻ ആവില്ലെന്ന് രാജിവെച്ച അധ്യാപകർ വിമർശനം ഉയർത്തി. അതേസമയം, ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അധ്യാപകരുടെ കൂട്ടരാജി.

By Trainee Reporter, Malabar News
KR Narayanan Institute
Ajwa Travels

തിരുവനന്തപുരം: കെആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ടിൽ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടരാജി. ഡീൻ ചന്ദ്രമോഹൻ, സിനിമോട്ടോഗ്രാഫി അധ്യാപിക ഫൗസിയ, ഓഡിയോ വിഭാഗത്തിലെ വിനോദ്, സിനിമാട്ടോഗ്രഫി വിഭാഗത്തിലെ നന്ദകുമാർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ ഡയറക്ഷൻ ബാബാനി പ്രമോദി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് വിഭാഗത്തിലെ സന്തോഷ്, അഡ്‌മിനിസ്‌ട്രേഷൻ ഓഫീസർ അനിൽ കുമാർ എന്നിവരാണ് രാജിവെച്ചത്.

രാജിവെച്ച ഡയറക്‌ടർ ശങ്കർ മോഹനുമായി അടുപ്പം പുലർത്തിയിരുന്ന അധ്യാപകരുടേതാണ് കൂട്ടരാജി. അധ്യാപകർക്ക് ഗുണനിലവാരം ഇല്ലെന്ന വിദ്യാർഥികളുടെ പരാതി അംഗീകരിക്കാൻ ആവില്ലെന്ന് രാജിവെച്ച അധ്യാപകർ വിമർശനം ഉയർത്തി. അതേസമയം, ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അധ്യാപകരുടെ കൂട്ടരാജി.

ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു വിദ്യാർഥികളുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തിയിരുന്നു. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചാൽ സമരം അവസാനിപ്പിക്കാനായിരുന്നു വിദ്യാർഥികളുടെ തീരുമാനം. ചർച്ചയിൽ സ്‌ഥാപനത്തിന് പുതിയ ഡയറക്‌ടറെ ഉടൻ കണ്ടെത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റ് ഉടൻ നികത്തുമെന്നും മന്ത്രി അറിയിച്ചു.

ഇൻസ്‌റ്റിറ്റ്യൂട്ട് ജീവനക്കാരെ ഡയറക്‌ടറുടെ വസതിയിൽ ജോലിക്കായി നിയോഗിക്കില്ല. സ്‌ഥാപനത്തിൽ പരാതി പരിഹാര സെൽ രൂപീകരിക്കുമെന്നും വിദ്യാർഥി ക്ഷേമ സമിതി എന്ന പേരിൽ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളവരുടെ പരാതി പരിഹാരത്തിനായി സോഷ്യൽ ജസ്‌റ്റിസ്‌ കമ്മിറ്റി നിയോഗിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. ഡിപ്ളോമ കോഴ്‌സുകൾ സമയബന്ധിതമായി പൂർത്തിയാക്കും. ഇതിനകം പഠനം പൂർത്തിയാക്കിയവർക്ക് മാർച്ച് 30ന് ഉള്ളിൽ സർട്ടിഫിക്കറ്റ് നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി.

ഇതോടെ, വിദ്യാർഥികൾ സമരം അവസാനിപ്പിക്കുക ആയിരുന്നു. അതേസമയം, ശങ്കർ മോഹന് പകരം പുതിയ ഡയറക്‌ടറെ കണ്ടെത്താൻ സർക്കാർ സേർച്ച് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. വികെ രാമചന്ദ്രൻ, ഷാജി എൻ കരുൺ, ടിവി ചന്ദ്രൻ എന്നിവരാണ് സേർച്ച് കമ്മിറ്റിയിൽ ഉള്ളവർ.

ജാതി സംവരണം, സംവരണ അട്ടിമറി, പട്ടികജാതി വിദ്യാർഥികളുടെ ഗ്രാൻഡ് വൈകൽ, ജീവനക്കാരെ കൊണ്ടുള്ള വീട്ടുജോലി ചെയ്യിക്കൽ തുടങ്ങി ഗുരുതരമായ ഒട്ടേറെ ആരോപണങ്ങളാണ് ശങ്കർ മോഹനെതിരെ നിലനിൽക്കുന്നത്. വിദ്യാർഥികളും ജീവനക്കാരും ഉന്നയിച്ച ആരോപണങ്ങൾ ശരിവെയ്‌ക്കുന്നതായിരുന്നു കെ ജയകുമാർ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്. നേരത്തെ നിയമിച്ച കമ്മീഷനും സമാനമായ കാര്യങ്ങളാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.

Most Read: പോപുലര്‍ ഫ്രണ്ട് ഹർത്താൽ; കൂടുതൽ ജപ്‌തി മലപ്പുറത്ത്- സർക്കാർ റിപ്പോർട് സമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE