കൊച്ചി: തിരുവനന്തപുരം വഞ്ചിയൂർ ജങ്ഷനിൽ റോഡ് അടച്ച് സിപിഎം പാളയം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം ഉണ്ടായതിന് പിന്നാലെ, സിപിഎം നേതാക്കളെ പ്രതി ചേർത്ത് പോലീസ് റിപ്പോർട്. 21 ഏരിയ കമ്മിറ്റി അംഗങ്ങൾ പ്രതികളാകും. മൈക്ക് അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുക്കും.
പ്രതികൾക്ക് വഞ്ചിയൂർ പോലീസ് നോട്ടീസ് അയച്ചു. പാർട്ടി സമ്മേളനത്തിന് റോഡ് അടച്ചു സ്‌റ്റേജ് കെട്ടാൻ ആരാണ് അധികാരം നൽകിയതെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം ചോദിച്ചത്. വിഷയത്തിൽ വഞ്ചിയൂർ പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ നേരിട്ട് ഹാജരായി വസ്‌തുതകൾ വിശദീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.
പൊതുവഴികൾ തടസപ്പെടുത്തി പരിപാടികളും മറ്റും നടത്തരുതെന്ന് മുൻ ഉത്തരവുകൾ ഒട്ടേറെ ഉണ്ടായിട്ടും ഇതെല്ലാം നഗ്‌നയായി ലംഘിക്കപ്പെടുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിപാടി നടന്നത് പൊതുറോഡിലാണെന്നും കോടതിയലക്ഷ്യ കേസാണെന്നും വ്യക്‌തമാക്കിയ കോടതി, ആരാണ് യോഗത്തിൽ പങ്കെടുത്തതെന്നും ആരാഞ്ഞു. സ്വമേധയാ കേസെടുക്കുന്ന കാര്യവും ആലോചിക്കുന്നുണ്ടെന്ന് വ്യക്‌തമാക്കിയാണ് എസ്‌എച്ച്‌ഒയോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചത്.
സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പടെ ഉള്ളവർക്കെതിരെ എറണാകുളം മരട് സ്വദേശി എൻ പ്രകാശ് നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് ജസ്‌റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്‌ണ എന്നിവരുടെ നിർദ്ദേശം. സിപിഎമ്മിന്റെ തിരുവനന്തപുരം പാളയം ഏരിയ സമ്മേളനത്തിനായി ഈ മാസം അഞ്ചിന് വഞ്ചിയൂരിൽ റോഡിന്റെ ഒരുവശം പൂർണമായി അടച്ചു സ്‌റ്റേജ് കെട്ടിയതാണ് വിവാദമായത്. അതിനിടെ, റോഡ് അടച്ചു സ്‌റ്റേജ് കെട്ടേണ്ടതില്ലായിരുന്നെന്ന അഭിപ്രായം പാർട്ടിക്കുണ്ടെന്ന് ജില്ലാ സെക്രട്ടറി വി ജോയി പറഞ്ഞു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!