വോട്ടർമാർക്ക് ഭക്ഷ്യക്കിറ്റിനൊപ്പം 5000 രൂപയും; സുന്ദരയുടെ വെളിപ്പെടുത്തലിൽ എകെഎം അഷ്‌റഫ്

By News Desk, Malabar News
Ajwa Travels

കോഴിക്കോട്: മഞ്ചേശ്വരത്ത് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ്. മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് ഇത്തവണ കര്‍ണാടകയിലെ മന്ത്രിമാരുടേയും എംപിമാരുടേയും എംഎല്‍എമാരുടേയും പണമൊഴുക്കിന്റെ തിരഞ്ഞെടുപ്പായിരുന്നു എന്ന് അഷ്‌റഫ് പറയുന്നു. ഓരോ വീടുകളിലും ബിജെപി ഭക്ഷ്യകിറ്റുകളും അതിനോടൊപ്പം പണവും നല്‍കിയിരുന്നുവെന്നും അഷ്‌റഫ് ആരോപിച്ചു. ബിജെപിയുടെ ഭീകരമുഖം പുറത്തുവരാൻ കൂടുതൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിൽ വോട്ടർമാർക്ക് ഭക്ഷ്യക്കിറ്റും ഒപ്പം 5000 രൂപയും എത്തിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ജനങ്ങൾ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബിജെപിയുടെ പണം മുടക്കലില്‍ കര്‍ണാടകയില്‍ നിന്നുള്ള ആര്‍എസ്‌എസ് ഇടപെടല്‍ വളരെ വലുതായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിഎസ്‌പി സ്‌ഥാനാർഥിയായിരുന്നു സുന്ദര. അദ്ദേഹത്തിന് അവിടെ കുടുംബ വോട്ടുകളുണ്ട്. ഇപ്രാവശ്യവും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നാടകീയ സംഭവങ്ങളാണ് അവിടെ അരങ്ങേറിയത്. സ്‌മൃതി ഇറാനി അടക്കമുള്ള മന്ത്രിമാര്‍ അവിടെയെത്തി. ഇനിയും അന്വേഷണം നീണ്ടാല്‍ സുന്ദര വെളിപ്പെടുത്തിയതിന്റെ ഇരട്ടി പുറത്തുവരുമെന്നും അഷ്‌റഫ് പറഞ്ഞു.

താന്‍ മഞ്ചേശ്വരത്തെ സ്‌ഥാനാർഥി പത്രിക പിന്‍വലിച്ചത് ബിജെപി നേതാക്കള്‍ പണം നല്‍കിയത് കൊണ്ടാണെന്നായിരുന്നു സുരേന്ദ്രന്റെ അപര സ്‌ഥാനാർഥിയായിരുന്ന കെ സുന്ദരയുടെ വെളിപ്പെടുത്തൽ. ബിജെപി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്‌മാർട് ഫോണും നല്‍കിയെന്നും പണം വീട്ടിലെത്തി അമ്മയുടെ കൈയ്യില്‍ കൊടുക്കുകയായിരുന്നുവെന്നും സുന്ദര പറയുന്നു. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് വിജയിച്ച് കഴിഞ്ഞാലും സുന്ദരക്ക് വലിയ വാഗ്‌ദാനങ്ങളാണ് നല്‍കിയത്.

സ്‌ഥാനാർഥി ചര്‍ച്ചകള്‍ നടക്കവെ ബിഎസ്‌പി സ്‌ഥാനാർഥിയായിരുന്ന സുന്ദര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേരുകയായിരുന്നു. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്‌ഥാനാർഥിയായിരുന്നു കെ സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്‌ക്ക് ലഭിച്ചത്. ആ തിരഞ്ഞെടുപ്പില്‍ ബിജെപി സ്‌ഥാനാർഥിയായ കെ സുരേന്ദ്രന്‍ 89 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു രണ്ടാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

Also Read: കോവിഡ് മരുന്ന് പൂഴ്‍ത്തൽ; നിയമ നടപടി നേരിടാൻ തയ്യാറെന്ന് ഗംഭീർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE