കോഴിക്കോട്: കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ ഇളവുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്‌ജെൻഡർ പങ്കാളികളായ സിയയും സഹദും ആരോഗ്യമന്ത്രിക്ക് കത്തയച്ചു. സർട്ടിഫിക്കറ്റിൽ മാതാപിതാക്കളുടെ പേരുകൾ രേഖപ്പെടുത്തുന്നതിനാണ് ഇളവ് തേടിയത്.
സഹദാണ് കുഞ്ഞിനെ പ്രസവിച്ചതെങ്കിലും അമ്മയായി സിയയുടെയും അച്ഛനായി സഹദിന്റെയും പേരുകൾ രേഖപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് പ്രത്യേക ഉത്തരവ് ഇറക്കണമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് ഇരുവരും ആരോഗ്യമന്ത്രി വീണാ ജോർജിന് കത്തയച്ചത്.
അതേസമയം, സഹദിനും കുഞ്ഞിനും ആശുപത്രിയിൽ എല്ലാവിധ പരിചരണവും മരുന്നും സൗജന്യമായി കിട്ടുന്നുണ്ടേന്ന് സിയ പ്രതികരിച്ചു. ഇതുവരെ കൂടെനിന്ന ആശുപത്രി അധികൃതരും ആരോഗ്യമന്ത്രിയും ഇക്കാര്യത്തിലും കൂടെ ഉണ്ടാകുമെന്ന് കരുതുന്നുവെന്നും സിയ വ്യക്‌തമാക്കി. മെഡിക്കൽ കോളേജ് മാതൃ-ശിശുസംരക്ഷണ കേന്ദ്രം സൂപ്രണ്ടിനും ഇന്ന് നിവേദനം നൽകുമെന്നും സിയ കൂട്ടിച്ചേർത്തു.
അതിനിടെ, സർട്ടിഫിക്കറ്റ് വിഷയത്തിൽ പ്രതികരണവുമായി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ശ്രീകുമാർ രംഗത്തെത്തി. ‘സഹദും കുഞ്ഞും സുഖമായിരിക്കുന്നു. തിങ്കളാഴ്‌ചയോ ചൊവ്വാഴ്‌ചയോ ഡിസ്‌ചാർജ് ചെയ്യും. സിയ പറഞ്ഞതുപ്രകാരം മാതാപിതാക്കളായി ഇരുവരെയും ചേർക്കുന്ന കാര്യത്തിൽ ആരോഗ്യവകുപ്പുമായും നിയമ വിദഗ്‌ധരുമായും ആലോചിച്ചു വേണ്ടത് ചെയ്യും. നിലവിൽ പ്രസവിച്ച വ്യക്‌തി അമ്മയാണ്. പ്രത്യേക സാഹചര്യത്തിൽ അതെങ്ങനെ മാറ്റാമെന്ന് പരിശോധിക്കണം. സമാനസംഭവം മുമ്പ് രാജ്യത്ത് ഉണ്ടായിട്ടില്ല’- സൂപ്രണ്ട് ഡോ. ശ്രീകുമാർ വ്യക്‌തമാക്കി
Most Read: കൂട്ട അവധി എടുത്ത് ഉല്ലാസയാത്ര പോയ സംഭവം; കളക്‌ടർ അന്വേഷണം തുടങ്ങി