പാലക്കാട്: ശമ്പളം മുടങ്ങിയതിന്റെ പശ്‌ചാത്തലത്തിൽ പാലക്കാട് നഗരസഭാ ജീവനക്കാരുടെ പ്രതിഷേധം. വേണ്ടത്ര ഫണ്ട് ഉണ്ടായിട്ടും ശമ്പളം മുടങ്ങിയതിനെതിരെയാണ് ജീവനക്കാരുടെ സംഘടനകൾ സംയുക്‌തമായി നഗരസഭയ്‌ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് 24 മണിക്കൂറിനുള്ളിൽ ശമ്പളം നൽകാമെന്ന നഗരസഭാ അധ്യക്ഷയുടെ ഉറപ്പിനെ തുടർന്ന് ജീവനക്കാർ സമരം അവസാനിപ്പിക്കുകയായിരുന്നു.
130 സ്‌ഥിരം ജീവനക്കാർക്കും ഇരുന്നൂറിലധികം കണ്ടിജൻസി തൊഴിലാളികൾക്കുമാണ് ശമ്പളം മുടങ്ങിയത്. എന്നാൽ, ശമ്പളം നൽകാൻ ആവശ്യമായ 94 ലക്ഷം രൂപയിലധികം പ്ളാൻ ഫണ്ടിൽ ഉണ്ടായിട്ടും സാങ്കേതികത്വം പറഞ്ഞ് സെക്രട്ടറി അന്യായമായി ശമ്പളം തടഞ്ഞു വെച്ചിരിക്കുകയാണെന്ന് ജീവനക്കാർ പറഞ്ഞു.
തുടർന്ന് പണിമുടക്കിയ ജീവനക്കാരുമായി നഗരസഭാ ചെയർപേഴ്‌സൺ പ്രിയ അജയൻ ചർച്ച ചെയ്‌തു. ഇതോടെ 24 മണിക്കൂറിനുള്ളിൽ ശമ്പളം നൽകാമെന്ന് ഉറപ്പ് നൽകുകയായിരുന്നു. ശമ്പളം വൈകിയാൽ അടുത്ത ദിവസം തന്നെ പെൻ ഡൗൺ സമരം നടത്താനാണ് ജീവനക്കാരുടെ തീരുമാനം.
Most Read: ‘തന്നെ ചൂഷണം ചെയ്‌തു, ജോലി വാങ്ങി നൽകിയതും ശിവശങ്കർ’; സ്വപ്‌ന