ജിദ്ദ: യമനിലെ ഹൂതി സായുധസംഘത്തെയും നേതാക്കളെയും തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തെ സ്വാഗതം ചെയ്‌ത് സൗദി അറേബ്യ. ഇറാനിയൻ പിന്തുണയുള്ള ഹൂതികളുടെ പ്രവർത്തനങ്ങൾ അതിരുകടക്കും വിധമുള്ളതാണ്. അത്തരം പ്രവർത്തനങ്ങൾ ഉയർത്തുന്ന അപകടവും ഭീഷണിയും കണക്കിലെടുത്താണ് അമേരിക്കയുടെ തീരുമാനം.
ഹൂതികളുടെ തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ അമേരിക്കൻ തീരുമാനം കാരണമാകുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. അമേരിക്കയുടെ തീരുമാനം ഹൂതികളുടെ അപകടത്തെ നിർവീര്യമാക്കും. തീവ്രവാദ സംഘടനക്ക് ധനസഹായം, മിസൈലുകൾ, ഡ്രോണുകൾ, ആയുധങ്ങൾ എന്നിവ നൽകുന്നത് അവസാനിപ്പിക്കാൻ ഇത് സഹായിക്കും.
യമൻ ജനതയെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതും അന്താരാഷ്‌ട്ര കപ്പൽ സർവീസിനെയും അയൽരാജ്യങ്ങളെയും ഭീഷണിപ്പെടുത്തുന്നതും അവസാനിപ്പിക്കാൻ സഹായിക്കുന്നതാണ് അമേരിക്കൻ തീരുമാനം. യമനിലെ നിലവിലെ രാഷ്‌ട്രീയ ശ്രമങ്ങളുടെ വിജയത്തിനും തീരുമാനം ഇടയാക്കും. ഹൂതി നേതാക്കളെ ചർച്ചയിലേക്ക് ഗൗരവമായി മടങ്ങാൻ തീരുമാനം നിർബന്ധിതരാക്കും.
യമൻ പ്രതിസന്ധി അവസാനിപ്പിക്കാനും രാഷ്‌ട്രീയ പരിഹാരത്തിലെത്താനും യുഎൻ പ്രതിനിധി മാർട്ടിൻ ഗ്രിഫിറ്റ്സിന്റെ എല്ലാ ശ്രമങ്ങൾക്കും നിർദേശങ്ങൾക്കും സൗദി അറേബ്യയുടെ പിന്തുണ ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.
Read also: ‘കൊടുക്കട്ടെ ഞാനൊന്ന്’; മാസ് ഡയലോഗുമായി ബൗണ്ടറി പായിച്ച് സഞ്‌ജു; വീഡിയോ വൈറല്‍