റിയാദ് : കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സൗദിയിൽ പ്രവേശിക്കാൻ സാധിക്കാതെ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമയും റീഎൻട്രി വിസയും ജൂലൈ 31 വരെ സൗജന്യമായി പുതുക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. ഇത് സംബന്ധിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു.
ജൂൺ രണ്ടാം തീയതി വരെയാണ് കോവിഡ് പശ്‌ചാത്തലം കണക്കിലെടുത്ത് ഇഖാമയും റീഎൻട്രി വിസയും പുതുക്കി നൽകുമെന്ന് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ മിക്ക രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം നൽകാത്ത സാഹചര്യത്തിൽ നിരവധി പ്രവാസികൾ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ഇപ്പോൾ 2 മാസത്തേക്ക് കൂടി ഇവ പുതുക്കാനുള്ള കാലാവധി നീട്ടിയത്.
ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളിൽ നിന്നാണ് കോവിഡ് വ്യാപനം കണക്കിലെടുത്ത് നേരിട്ടുള്ള പ്രവേശനം സൗദി വിലക്കിയത്. ഇഖാമയും, റീഎൻട്രി വിസയും പുതുക്കി നൽകുന്നതിനായി സൗദി നാഷണൽ ഇൻഫർമേഷൻ സെന്ററിന്റെ(എൻഐസി) സഹായത്തോടെ സൗദി പാസ്‌പോർട്ട് ഡയറക്‌ടറേറ്റ് (ജവാസാത്ത്) ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also : 44 കോടി ഡോസ് വാക്‌സിന് ഓർഡർ നൽകിയെന്ന് കേന്ദ്രം; ഓഗസ്‌റ്റോടെ വിതരണം ചെയ്യും