കൊച്ചി: നവകേരള യാത്രക്കായി സ്‌കൂൾ ബസുകൾ വിട്ടുനൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്‌ടരുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കോടതിയുടെ അനുമതിയില്ലാതെ ഉത്തരവ് നടപ്പാക്കരുതെന്ന് ഹരജി പരിഗണിച്ച ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്‌തമാക്കി. നവകേരള യാത്രയുടെ സംഘാടക സമിതി ആവശ്യപ്പെട്ടാൽ സ്‌കൂൾ ബസുകൾ വിട്ടു നൽകണമെന്നുള്ള ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തത്.
ഈ ഉത്തരവ് അധ്യയനത്തെ തടസപ്പെടുത്തുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടി കാസർഗോട്ടെ സ്വകാര്യ സ്‌കൂളിലെ ഒരു വിദ്യാർഥിയുടെ പിതാവ് സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഇടപെടൽ. കേരള മോട്ടോർവാഹന ചട്ടപ്രകാരം, സ്‌കൂൾ ബസുകൾക്ക് പെർമിറ്റ് നൽകുമ്പോൾ വിദ്യാർഥികളുടെ യാത്രയ്‌ക്കും മറ്റു വിദ്യാഭ്യാസപരമായ ആവശ്യങ്ങൾക്കും മാത്രമേ ഉപയോഗിക്കാവൂയെന്നാണ് നിഷ്‌കർഷിച്ചിരിക്കുന്നതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നവംബർ 18 മുതൽ ഡിസംബർ 23 വരെ നടക്കുന്ന സംസ്‌ഥാന സർക്കാരിന്റെ നവകേരള സദസിൽ ജനങ്ങളെ എത്തിക്കാൻ സ്‌കൂൾ ബസുകൾ വിട്ടുകൊടുക്കണമെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ നിർദ്ദേശം. വിദ്യാഭ്യാസ ഓഫീസർമാർ മുഖേന എല്ലാ സ്‌കൂളുകളിലെയും പ്രധാനാധ്യാപകർക്കാണ് സർക്കുലർ അയച്ചത്. നിർദ്ദേശം വിവാദമായതോടെ, വിദ്യാർഥികൾക്ക് അസൗകര്യമില്ലാത്ത വിധത്തിൽ ബസുകൾ വിട്ടുകൊടുക്കാമെന്ന് സർക്കുലർ തിരുത്തിയിറക്കി.
സംഘാടക സമിതികൾ ആവശ്യപ്പെടുന്നപക്ഷം ഇന്ധനച്ചിലവും ഡ്രൈവറുടെ ബത്തയും ഈടാക്കി ബസുകൾ വിട്ടു നൽകണമെന്നായിരുന്നു ആദ്യ നിർദ്ദേശം. നവകേരള സദസിനിടെ ആറ് പൊതു അവധി ദിനങ്ങൾ മാത്രമാണുള്ളത്. ഈ സാഹചര്യത്തിൽ സ്‌കൂൾ ബസുകൾ വിട്ടുകൊടുക്കേണ്ടി വരുന്നത് സ്‌കൂൾ പ്രവർത്തനം താളം തെറ്റുമെന്നും വിദ്യാർഥികളുടെ യാത്രയെ ബാധിക്കുമെന്നും ആക്ഷേപമുയർന്നിരുന്നു.
Most Read| ‘ഇസ്രയേലുമായി താൽക്കാലിക യുദ്ധവിരാമ കരാറിന് അരികെ’; ഹമാസ് തലവൻ