ന്യൂഡെൽഹി: സുരക്ഷക്കായി കർണാടക പോലീസ് വലിയ തുക ആവശ്യപ്പെട്ടെന്ന അബ്‌ദുള്‍ നാസര്‍ മഅദ്‌നിയുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജാമ്യവ്യവസ്‌ഥയിൽ ഇളവ് ലഭിച്ചു കേരളത്തിലേക്ക് പോകുന്ന തനിക്ക് സുരക്ഷ നൽകാൻ കർണാടക പോലീസ് വലിയ തുക ആവശ്യപ്പെട്ടെന്നാണ് മഅദ്‌നി ഹരജിയിൽ ആരോപിക്കുന്നത്.
ജസ്‌റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഹരജി പരിഗണിക്കുക. അതിനിടെ, കേരളത്തിലേക്ക് പോകുന്ന മഅദ്‌നിയുടെ സുരക്ഷക്കായി ആവശ്യപ്പെട്ട തുക വിശദമായ പരിശോധനയുടെ അടിസ്‌ഥാനത്തിൽ തയ്യാറാക്കിയതാണെന്നും, തുക കുറയ്‌ക്കാനാകില്ലെന്നും കർണാടക സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ സത്യവാങ്‌മൂലം നൽകിയിട്ടുണ്ട്.
ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറേറ്റിലെ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം കേരളം സന്ദർശിച്ചാണ് അകമ്പടി സംബന്ധിച്ച ശുപാർശ തയ്യാറാക്കിയതെന്നും സത്യാവാങ്മൂലത്തിൽ സർക്കാർ വ്യക്‌തമാക്കിയിരുന്നു. കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷക്കും അകമ്പടിക്കുമായി മഅദ്‌നി 56.63 ലക്ഷം രൂപ നൽകണമെന്നാണ് കർണാടകത്തിന്റെ നിലപാട്.
20 പോലീസുകാർ അകമ്പടിക്കായി മഅദ്‌നിക്കൊപ്പം കേരളത്തിലേക്ക് പോകേണ്ടി വരും. ഇവരുടെ ചിലവിനായി പ്രതിമാസം 20.23 ലക്ഷം രൂപയാണ് വേണ്ടി വരിക. അപ്രകാരം 56.63 ലക്ഷം രൂപയാണ് ആകെ ചിലവ് വരിക. ഇതാണ് മഅദ്‌നിയോട് ആവശ്യപ്പെട്ടതെന്ന് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.
Most Read: അരിക്കൊമ്പന് പൂജ നടത്തിയത് വിവാദമാക്കേണ്ട കാര്യമില്ല; വനം മന്ത്രി