പാലക്കാട്: ജില്ലയിൽ ഭൂമി തരംമാറ്റലിന്റെ മറവിൽ കടുത്ത നിയമലംഘനങ്ങൾ നടന്നതായി പരാതി. പാലക്കാട് നഗരത്തിലെ 80 സെന്റ് കുളം തരം മാറ്റിയതായാണ് ആരോപണം. നിയമപ്രകാരം കുളം തരം മാറ്റം കഴിയില്ല. കുളം പറമ്പ് എന്നാണ് തരംമാറ്റിയത്. ഇത് സംബന്ധിച്ച പരാതി ഉയർന്നതോടെ കുളം തരംമാറ്റിയതിന്റെ ഫയൽ പാലക്കാട് ആർഡിഒ ഓഫിസിൽ നിന്ന് തന്നെ കാണാനില്ലെന്ന മറുപടിയാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി.
കുളം തരം മാറ്റിയതുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഉയർന്നതോടെയാണ് ഓഫിസിൽ നിന്ന് ഫയലുകൾ കാണാതായതെന്നാണ് ആരോപണം ഉയരുന്നത്. ഫയലുകൾ നശിപ്പിക്കപ്പെട്ടുവെന്നാണ് സംശയിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് വിവരാവകാശ അപേക്ഷകന് ഫയൽ നമ്പർ കണ്ടെത്തണമെന്ന മറുപടിയാണ് ആദ്യം ലഭിച്ചത്. ഫയൽ നമ്പർ നൽകിയപ്പോൾ ഫയൽ കാണാനില്ലെന്ന മറുപടിയും ലഭിച്ചു.
ജില്ലാ കളക്‌ടർ അടക്കം പരാതിയുടെ പകർപ്പ് സബ് കളക്‌ടർ കൂടിയായ പാലക്കാട് ആർഡിഒക്ക് അയച്ചിട്ടും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ആദ്യ വിവരാവകാശ മറുപടിയിൽ പറയുന്നത്. അനധികൃതമായി കുളം തരം മാറ്റിയ സംഭവം അട്ടിമറിക്കാനാണ് ഉദ്യോഗസ്‌ഥ തലത്തിൽ നീക്കം നടക്കുന്നതെന്നാണ് ആരോപണം.
Most Read: സ്‌കൂളുകളും കോളേജുകളും ഇന്ന് തുറക്കും; ഉന്നതതല യോഗം ചേരാൻ വിദ്യാഭ്യാസ വകുപ്പ്