കണ്ണൂർ: കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉടലെടുത്ത എസ്എഫ്ഐ- കെഎസ്‌യു സംഘർഷത്തെ തുടർന്ന് കണ്ണൂർ തോട്ടട ഐടിഐ അനിശ്‌ചിത കാലത്തേക്ക് അടച്ചു. സംഘർഷത്തിൽ ഇരു വിഭാഗത്തിലുമുള്ള പത്തോളം പ്രവർത്തകർക്ക് പരിക്കേറ്റു.
ക്യാമ്പസിൽ കെഎസ്‌യു പ്രവർത്തകർ കൊടിമരം സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ദിവസങ്ങളായി തർക്കം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സ്‌ഥാപിച്ച കൊടിമരം എസ്എഫ്ഐ പ്രവർത്തകർ പിഴുതെറിഞ്ഞതായി പരാതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ- കെഎസ്‌യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം എടക്കാട് പോലീസെത്തിയാണ് പരിഹരിച്ചത്.
കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിന് പരാതി നൽകാനെത്തിയ തങ്ങളെ യാതൊരു പ്രകോപനവുമില്ലാതെ എസ്എഫ്ഐ ആക്രമിക്കുകയായിരുന്നു എന്ന് കെഎസ്‌യു ആരോപിച്ചു. രണ്ടാമത് സ്‌ഥാപിച്ച കൊടിമരവും എസ്എഫ്ഐ നശിപ്പിച്ചുവെന്നും കെഎസ്‌യു പറയുന്നു.
എന്നാൽ, ക്യാമ്പസിൽ പുറമെ നിന്നുള്ളവരുടെ കൂടെ എത്തിയ കെഎസ്‌യു പ്രവർത്തകർ തങ്ങളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് എസ്എഫ്ഐ പ്രവർത്തകർ ആരോപിക്കുന്നു. എസ്എഫ്ഐയുടെ അഞ്ച് പ്രവർത്തകർ കണ്ണൂർ ജില്ലാ ആശുപത്രിയിലും കണ്ണൂർ എകെജി ആശുപത്രിയിലുമായി ചികിൽസയിലാണ്.
സംഘർഷത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഐടിഐ കെഎസ്‌യു യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് റിബിനിന് നട്ടെല്ലിന് പരിക്കുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മറ്റു നാല് കെഎസ്‌യു പ്രവർത്തകർ ജില്ലയിലെ വിവിധ ആശുപത്രികളിലായി ചികിൽസയിലാണ്.
Most Read| സംസ്‌ഥാനത്ത് വാഹന രജിസ്‌ട്രേഷൻ ഇനി ഏത് ആർടി ഓഫീസിലും ചെയ്യാം