ഷാരോണിന്റെ മരണം; അടിമുടി ദുരൂഹത

By Central Desk, Malabar News
Sharon's Death_end to end Mystery
മരണപ്പെട്ട ഷാരോൺ രാജ്
Ajwa Travels

തിരുവനന്തപുരം: ജില്ലയിലെ കാരക്കോണത്തെ കാമുകി നല്‍കിയ ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് അവശനായി ചികിൽസയിൽ തുടരവെ മരണപ്പെട്ട ഷാരോണ്‍ രാജിന്റേത് ആസൂത്രിത കൊലപാതകമെന്ന സംശയം ബലപ്പെടുന്നു.

ബിഎസ് സി റേഡിയോളജി വിദ്യാര്‍ഥിയായ, പാറശ്ശാല മുര്യങ്കര കുഴിവിള സ്വദേശി ഷാരോണ്‍ ഈമാസം 14നാണ് കാരക്കോണത്ത് പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ പോയത്. അവശനായ ഷാരോണിനെ സുഹൃത്താണ് തിരികെ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണപ്പെടുകയും ചെയ്‌തു.

ഷാരോണും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നെന്നും ഇരുവരും വെട്ടുകാട് പള്ളിയില്‍ വെച്ച് താലി കെട്ടിയിരുന്നതായും കുടുംബം പറയുന്നു. എന്നാല്‍ യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു. എന്നാല്‍ തന്റെ സമ്മതപ്രകാരമല്ല വിവാഹം നിശ്‌ചയിച്ചതെന്നും മറ്റും പറഞ്ഞാണ് പെണ്‍കുട്ടി ഷാരോണിനെ വിളിച്ചു വരുത്തിയത്. സുഹൃത്തിനൊപ്പമായിരുന്നു ഷാരോണ്‍ കാമുകിയുടെ വീട്ടിലെത്തിയത്. കാമുകി മാത്രമായിരുന്നു അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. കാമുകി കഷായവും ഫ്രൂട്ടിയും നല്‍കിയെന്നും അത് കുടിച്ച ശേഷം ഷാരോണ്‍ ഛര്‍ദ്ദിച്ചതായും ഷാരോണിന്റെ സുഹൃത്ത് പറഞ്ഞിരുന്നു.

താൻ ഒരു മാസമായി കഴിക്കുന്ന കഷായത്തിന് കയ്‌പ്പ് രുചിയാണെന്നും കുടിക്കാൻ ബുദ്ധിമുട്ടാണെന്നും ഷാരോണിനോട് കാമുകി വീട്ടിൽവച്ച് പറഞ്ഞപ്പോൾ ഷാരോൺ കഷായം കുടിച്ചു നോക്കുകയായിരുന്നു എന്നാണ് പെൺകുട്ടി സുഹൃത്തിനോട് ഫോൺ സംഭാഷണത്തിൽ പറയുന്നത്. കഷായം കുടിച്ചു കാണിച്ച ഷാരോണിന് പിന്നീട് കാമുകി ജൂസ് കുടിക്കാനായി നൽകി. ഇതോടെ ഷാരോൺ ഛർദിച്ചു. അവിടെ നിന്നിറങ്ങിയ ഷാരോൺ പുറത്തു തന്നെ കാത്തുനിന്നിരുന്ന സുഹൃത്തിനൊപ്പം പിന്നീട് വീട്ടിലേക്കും അവിടെ നിന്ന് ആശുപത്രിയിലേക്കും പോകുകയായിരുന്നു.

കാമുകിയുടെ അഭിപ്രായം മാനിക്കാതെ വിവാഹം പട്ടാളക്കാരനായ മറ്റൊരാളുമായി വീട്ടുകാർ ഉറപ്പിച്ചിരുന്നു. കാമുകിയെ വിവാഹം കഴിക്കുന്ന ആദ്യഭർത്താവ് മരണപ്പെടും എന്ന് ജ്യോൽസ്യൻ പറഞ്ഞിരുന്നതായും ഇതിൽ ഷാരോണിന് വിശ്വാസം ഉണ്ടായിരുന്നില്ലെന്നും വാർത്തയുണ്ട്. കാമുകിയുടെ വീട്ടുകാർ പട്ടാളക്കാരനുമായുള്ള വിവാഹം നടക്കാന്‍ പാനീയത്തില്‍ ആസിഡ് ചേര്‍ത്ത് കൊലപ്പെടുത്തിയതായിട്ടാണ് സംശയിക്കുന്നതെന്നാണ് ആയുര്‍വേദ ഡോക്‌ടർ കൂടിയായ ഷാരോണിന്റെ മൂത്ത സഹോദരന്‍ ഷിമോണ്‍ പറയുന്നത്.

നൂറ് മില്ലിയോളം മരുന്ന് ഒരുഗ്ളാസിലാക്കി ഒഴിച്ചുകൊടുത്തുവെന്നും അതിന്റെ കയ്‌പ്പ് മാറാന്‍ ഫ്രിഡ്‌ജിലിരിക്കുന്ന ജ്യൂസ് പിന്നീട് കുടിക്കാന്‍ കൊടുത്തുവെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയതായി അമ്മാവന്‍ സത്യശീലനും പറയുന്നു. സ്‌ഥിരമായി ഈ കഷായം കുടിക്കാറുള്ള പെണ്‍കുട്ടിക്ക് മരുന്നിന്റെ പേര് അറിയില്ലായിരുന്നു എന്നതും സംശയം ജനിപ്പിക്കുന്നുണ്ട്.

ഷാരോണിന്റെ ചുണ്ട് മുതല്‍ വയറിന്റെ അടിഭാഗം വരെ ഉള്ളില്‍ പൂര്‍ണമായും ചുട്ടുപൊള്ളിയ പോലെയായിരുന്നു ഉണ്ടായിരുന്നതെന്നും ഇത് ഒരിക്കലും കഷായം കുടിച്ചാൽ സംഭവിക്കില്ലെന്നും ഡോക്‌ടർമാർ പറഞ്ഞതായി ഷാരോണിന്റെ വീട്ടുകാർ പറയുന്നു. കഷായക്കുപ്പിയിലെ കമ്പനി ലേബൽ കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ കീറിപ്പോയെന്നു പറഞ്ഞതും കുപ്പി ചോദിച്ചപ്പോൾ അത് അമ്മ ആക്രിക്കാർക്ക് കൊടുത്തെന്നു പറഞ്ഞതും സംശയകരമാണെന്നും ബന്ധുക്കൾ പറയുന്നു.

എന്നാൽ, കേട്ടുകേൾവികളുടെ പുറത്ത് പരിധിവിട്ട് ചോദ്യംചെയ്യാനോ മറ്റോ കഴിയില്ലെന്നും പോസ്‌റ്റുമോർട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറയുന്നു. കൂടുതല്‍ പരിശോധനക്ക് സാമ്പിളുകള്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നശേഷം കാമുകിയുടെ വീട്ടുകാരെ ചോദ്യം ചെയ്യൽ ഉൾപ്പടെയുള്ള അടുത്തഘട്ടത്തിലേക്ക് കടക്കുമെന്ന് പോലീസ് പറഞ്ഞു.

Most Read: സായിബാബ ജയിലിൽ തുടരും; കുറ്റമുക്‌തനാക്കിയ വിധി മരവിപ്പിച്ച് സുപ്രീംകോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE