തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. തന്നെ പിണറായി വിജയൻ വെട്ടിയെന്ന കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലിൽ കേസെടുക്കണമെന്നാണ് മുരളീധരൻ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡണ്ട് കെ സുധാകരനും തമ്മിലുള്ള വാദപ്രതിവാദങ്ങൾക്കെതിരെ പ്രതികരിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് വി മുരളീധരൻ ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇതിന് സുധാകരൻ തന്നെ മുൻകൈ എടുക്കണം. അതല്ല, മസാല ചേർക്കാനാണ് ഗോപിയെ വാർത്താ സമ്മേളനത്തിൽ കൊണ്ടുവന്നതെങ്കിൽ അത് സുധാകരൻ പറയണമെന്നും മുരളീധരൻ പറഞ്ഞു. ഇന്നലെയും ഇന്നുമായി നടത്തിയ വാര്‍ത്താ സമ്മേളനങ്ങളിലൂടെ കേരളത്തിന്റെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡണ്ടും അടിസ്‌ഥാനപരമായി ഗുണ്ടകളും ക്രിമിനലുകളുമാണെന്ന് കേരളത്തോട് ഏറ്റു പറഞ്ഞു. വിദ്യാഭ്യാസത്തിലും രാഷ്‌ട്രീയ പ്രബുദ്ധതയിലും മുന്നിട്ട് നില്‍ക്കുന്നുവെന്ന് കരുതുന്ന ഒരു സംസ്‌ഥാനത്തിന്റെ ഐഡന്റിറ്റിയാണ് പിണറായി വിജയനും കെ സുധാകരനും തമ്മിലുള്ള പോര്‍വിളികളിലൂടെ ചോദ്യം ചെയ്യപ്പെടുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ തന്റെ കൊലവിളി രാഷ്‌ട്രീയ ചരിത്രം പറയുന്ന മുഖ്യമന്ത്രിയെയാണോ കേരളം അര്‍ഹിക്കുന്നതെന്ന് ഇവിടുത്തെ ജനം ചിന്തിക്കട്ടെ. മുട്ടിൽ മരംകൊള്ള മറയ്‌ക്കാനുള്ള തന്ത്രമാണിതെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടി പറയാൻ കെ സുധാകരൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തൽ ഉണ്ടായത്.
പിണറായി വിജയന്റെ നേതൃത്വത്തില്‍ തനിക്കെതിരെ ആക്രമണമുണ്ടായി എന്നായിരുന്നു കണ്ടോത്ത് ഗോപിയുടെ ആരോപണം. “അടിയന്തരാവസ്‌ഥക്കാലത്ത് പിണറായി ദിനേശ് ബീഡി സൊസൈറ്റിയില്‍ നിയമിച്ച 26 തൊഴിലാളികളെ 77ല്‍ മൊറാര്‍ജി ദേശായിയുടെ കാലത്ത് പിരിച്ചുവിട്ടു. ഈ തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കാല്‍നട പ്രചാരണ ജാഥ നടത്താന്‍ തുടങ്ങിയപ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ആയുധധാരികളായ ആളുകള്‍ വന്നു. പിണറായി വിജയന്‍ മുമ്പിലുണ്ട്. കൊടുവാള്‍ കയ്യിലുണ്ട്. താനാണോ ജാഥാ ലീഡര്‍ എന്ന് ചോദിച്ച് കൊടുവാള്‍ കൊണ്ട് വെട്ടി. കഴുത്തിന് നേരെ വെട്ടാൻ ഓങ്ങിയപ്പോൾ കൈകൊണ്ട് തടുത്തു, മുറിവുണ്ടായി. അന്ന് സിപിഐ നേതാക്കളാണ് ആശുപത്രിയിലെത്തിച്ചത്. ഇതിനെതിരായ കേസ് പിണറായി സ്വാധീനമുപയോഗിച്ച് ഇല്ലാതാക്കി”- എന്നായിരുന്നു ഗോപിയുടെ ആരോപണം.
Most Read: എംപി മോഹൻ ദേൽക്കറുടെ ആത്‌മഹത്യ; പ്രഫുൽ പട്ടേലിനെതിരെ പരാതി