ന്യൂഡെൽഹി: കല്ലിടലിനെതിരെ സംസ്‌ഥാനത്ത് പ്രതിഷേധം ശക്‌തമാകുന്നതിനിടെ സിൽവർ ലൈൻ സർവേക്ക് എതിരെ സമർപ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
സർവേ നടത്താൻ അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരെ ആലുവ സ്വദേശി നല്‍കിയ ഹരജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്. ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്‌ഥകള്‍ ലംഘിച്ചാണ് സര്‍വേ നടക്കുന്നതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ പേരിൽ വിവിധ ജില്ലകളിൽ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ നല്‍കിയ മറ്റ് ഹരജികളും കോടതിക്ക് മുന്‍പിലുണ്ട്.
അതിനിടെ സിൽവർ ലൈൻ പദ്ധതിക്ക് അതിരിടൽ കല്ലിട്ടുള്ള സർവേയുടെ യഥാർഥ ലക്ഷ്യം ഭൂമി ഏറ്റെടുക്കൽ തന്നെ ആണെന്ന് വ്യക്‌തമാക്കുന്ന സർക്കാർ വിജ്‌ഞാപനം ഇന്നലെ പുറത്തു വന്നിരുന്നു. വെറും സാമൂഹ്യ ആഘാത പഠനം മാത്രമാണെന്ന സർക്കാർ വാദങ്ങൾ ആണ് ഇതോടെ പൊളിയുന്നത്.
ഇപ്പോൾ ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് ഭൂമിയിലെ മരങ്ങൾ അടക്കം മുറിച്ച് അടയാളങ്ങൾ നൽകിയുള്ള സർവേയെക്കുറിച്ച് വിജ്‌ഞാപനത്തിൽ പറയുന്നത്. എന്നാൽ ഭൂമി ഏറ്റെടുക്കൽ കേന്ദ്രാനുമതിക്ക് ശേഷം മാത്രമാണെന്ന് ഉത്തരവുണ്ടെന്നും വിജ്‌ഞാപനത്തിൽ സർവേയുടെ ഉദ്ദേശ്യം കാണിച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും സർക്കാർ വിശദീകരിക്കുന്നു.
Most Read: ‘കശ്‍മീര്‍ ഫയല്‍സ്’ വര്‍ഗീയ ധ്രുവീകരണം കൂടുതല്‍ തീവ്രമാക്കുന്നു; സിപിഐഎം