കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡു ആസ്‌ഥാനമായ താരാ എയറിന്റെ ചെറുവിമാനം കാണാതായി. നാല് ഇന്ത്യക്കാരടക്കം 22 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഞായറാഴ്‌ച രാവിലെ 9.55ഓടെയാണ് വിമാനവുമായുള്ള ബന്ധം നഷ്‌ടപ്പെട്ടതെന്ന് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട് ചെയ്‌തു.
നേപ്പാളിലെ പൊഖാറയിൽ നിന്നും ജോംസമിലേക്ക് പോവുകയായിരുന്ന വിമാനമാണ് കാണാതായത്. വിമാനം കാണാതായ വിവരം താരാ എയർ വൃത്തങ്ങൾ സ്‌ഥിരീകരിച്ചിട്ടുണ്ട്. ഹെലികോപ്‌ടർ ഉപയോഗിച്ചുള്ള തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
വിമാനം പറന്നുയർന്ന മിനിറ്റുകൾക്കകം എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്‌ടപ്പെടുകയായിരുന്നു എന്ന് ത്രിഭുവൻ അന്താരാഷ്‌ട്ര വിമാനത്താവള അധികൃതർ പറഞ്ഞു. നാല് ഇന്ത്യക്കാരെ കൂടാതെ മൂന്ന് ജപ്പാൻ പൗരൻമാരും വിമാനത്തിൽ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. മറ്റുള്ള യാത്രക്കാർ നേപ്പാൾ സ്വദേശികളാണ്.
ഇതിനിടെ ജോംസമിന് സമീപം ഉച്ചത്തിലുള്ള ശബ്‌ദം കേട്ടതായും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. വിമാനം അപകടത്തിൽ പെട്ടിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് ഈ പ്രദേശത്ത് ഹെലികോപ്‌ടർ ഉപയോഗിച്ച് തിരച്ചിൽ നടത്താനാണ് നീക്കമെന്ന് അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Most Read: ആധാർ ദുരുപയോഗം തടയാൻ നിർദ്ദേശവുമായി കേന്ദ്രസർക്കാർ