മലപ്പുറം: എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വനിതാ കമ്മീഷന് പരാതി നൽകി വനിതാ നേതാക്കൾ. എംഎസ്‌എഫിന്റെ വനിതാ വിഭാഗമായ ഹരിതയിലെ പത്തോളം സംസ്‌ഥാന ഭാരവാഹികളാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. സംസ്‌ഥാന പ്രസിഡണ്ട് ഉൾപ്പടെയുള്ളവർക്ക് എതിരെയാണ് പരാതി.
സ്‌ത്രീവിരുദ്ധ പരാമർശം നടത്തുകയും അപമാനിക്കുകയും ചെയ്‌തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. എംഎസ്‌എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായി തകർക്കാൻ ശ്രമിക്കുകയും ചെയ്‌തുവെന്നും വനിതാ നേതാക്കൾ ആരോപിച്ചു.
എംഎസ്‌എഫ് സംസ്‌ഥാന അധ്യക്ഷൻ പികെ നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്‌ദുൾ വഹാബ് തുടങ്ങിയവർക്ക് എതിരെയാണ്
പരാതി. നേരത്തെ മുസ്‌ലിം ലീഗ് നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് പരാതിക്കാർ പറയുന്നു. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷനെ സമീപിച്ചിരിക്കുന്നത്.
Also Read: മദ്രാസ് ഐഐടിയിൽ ബ്രാഹ്‌മണാധിപത്യം; ദേശീയ ഒബിസി കമ്മീഷന് പരാതി നൽകി വിപിൻ പുതിയേടത്ത്